വാഷിങ്ടൺ: കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിനെ വിഴുങ്ങിയ വൻ തീപ്പിടിത്തത്തിൽ ടെലിവിഷൻ ചാനലിൽ വന്ന് പൊട്ടിക്കരയുന്ന ഹോളിവുഡ് താരം ജെയിംസ് വുഡ്‌സിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. സംഭവത്തിൽ വുഡ്സിന്റെ വീടും ചാരമായിരുന്നു. എന്നാൽ, ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയെ പ്രകീർത്തിച്ചും പിന്തുണ പ്രഖ്യാപിച്ചുമുള്ള താരത്തിന്റെ പഴയ പോസ്റ്റുകൾ ഓർമിപ്പിക്കുകയാണിപ്പോൾ സോഷ്യൽ മീഡിയ.
ഗസ്സയിലെ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇരുന്ന് നിസ്സഹായരായി കരയുന്ന ഫലസ്തീനികളുടെ ചിത്രം പങ്കുവച്ച് ‘ഒരു ദയയും കാണിക്കേണ്ട, എല്ലാവരെയും കൊന്നുകളയണം’ എന്നായിരുന്നു മാസങ്ങൾക്കുമുൻപ് നടൻ ആഹ്വാനം ചെയ്തിരുന്നത്.
രണ്ടു തവണ ഓസ്‌കാർ നാമനിർദേശം നേടുകയും മൂന്ന് തവണ എമ്മി പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്ത ഹോളിവുഡ് നടനാണ് ജെയിംസ് വുഡ്സ്. കഴിഞ്ഞ ദിവസം ‘സിഎൻഎൻ’ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അഗ്‌നിബാധയുടെ ഭീകരത നിറഞ്ഞ നേരനുഭവങ്ങൾ വിവരിച്ചത്. ലോസ് ഏഞ്ചൽസിലെ പസിഫിക് പാലിസേഡ്സിലെ സ്വന്തം ഭവനം പൂർണമായും തീ വിഴുങ്ങുംമുൻപുള്ള കാഴ്ചകൾ അദ്ദേഹം പങ്കുവച്ചു. ഇതിനിടെയാണ് നിയന്ത്രണം വിട്ടു കരഞ്ഞത്.
‘ഒരു തീഗോളം പോലെയായിരുന്നു അത്. ചുറ്റുമുള്ള വീടുകളെയെല്ലാം അഗ്‌നിനാളങ്ങൾ വിഴുങ്ങിക്കഴിഞ്ഞിരുന്നു. മനോഹരമായൊരു കൊച്ചു വീടായിരുന്നു ഞങ്ങളുടേത്. കോവിഡ് കാലത്ത് ഞങ്ങളെല്ലാം കഴിഞ്ഞത് ഹോട്ടലുകളിലായിരുന്നു. ഇതിനുശേഷമാണ് ഈ വീട്ടിലേക്കു മാറുന്നത്. എല്ലാ ദിവസവും (സ്വിമ്മിങ് പൂളിൽ) നീന്തുമായിരുന്നു ഞങ്ങൾ. അങ്ങനെ എന്റെ രക്തസമ്മർദം കുറഞ്ഞുവരികയുമായിരുന്നു. ഒരു സ്വർഗം തന്നെയായിരുന്നു അത്. എന്നാൽ, തലേദിവസം വരെ ഞങ്ങൾ നീന്തിക്കുളിച്ച ഇടം തൊട്ടടുത്ത ദിവസം ശൂന്യമായിരിക്കുന്നു..’-ഇതും പറഞ്ഞു പൊട്ടിക്കരയുകയായിരുന്നു ജെയിംസ് വുഡ്സ്.
അയൽപക്കത്തുള്ള വയോധികനെ തീനാളങ്ങൾക്കിടയിൽനിന്നു രക്ഷിച്ച അനുഭവവും വുഡ്സ് തത്സമയം വിവരിച്ചു. കത്തിച്ചാമ്പലായ വീട് നമുക്ക് വീണ്ടെടുക്കാമെന്നു പറഞ്ഞു ഭാര്യാ സഹോദരിയുടെ മകൾ സ്വന്തം പണക്കുടുക്ക നീട്ടിയ കാര്യവും അദ്ദേഹം കണ്ണീരോടെ വിവരിച്ചു.
എന്നാൽ, ജെയിംസ് വുഡ്സിന്റെ വൈകാരികമായ പ്രതികരണത്തെ എല്ലാവരും ഒരുപോലെയല്ല സ്വീകരിച്ചത്. പ്രത്യേകിച്ചും സോഷ്യൽ മീഡിയ. ഫലസ്തീനികളുടെ കണ്ണീരിനെയും യാതനയെയും പരിഹസിച്ച പഴയ പരാമർശങ്ങൾ ഓർമിപ്പിക്കുകയാണ് പലരും. മാധ്യമങ്ങൾക്കു മുന്നിൽ വന്നു കരയുന്നതി ചാനലിൽ വന്ന് ഇങ്ങനെ കരയാൻ എങ്ങനെ ധൈര്യം വന്നുവെന്നാണ് ഫലസ്തീൻ കവി മുസ്അബ് അബൂ ത്വാഹ ചോദിച്ചത്.
‘ഗസ്സയിൽ ഞങ്ങളുടെ വീടുകൾ തകർക്കപ്പെടുന്നതും പ്രിയപ്പെട്ടവർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതും ടെന്റുകൾ ബോംബിട്ട് ചാമ്പലാക്കിയതുമെല്ലാം കൺമുന്നിൽ കണ്ടപ്പോൾ, ഇപ്പോഴും കണ്ടുകൊണ്ടിരിക്കുമ്പോൾ ഞങ്ങളുടെ ഉള്ളിലെന്തായിരിക്കുമെന്ന് താങ്കൾ ആലോചിച്ചിട്ടുണ്ടോ, ജെയിംസ് വുഡ്സ്? ഞങ്ങളുടെ നഷ്ടങ്ങളെ കുറിച്ചു പറഞ്ഞു കരയാൻ താങ്കൾക്കു ലഭിച്ചതുപോലൊരു ഇടം ഞങ്ങൾക്കില്ല. മാസങ്ങളായി, വർഷങ്ങളായി തുടരുന്ന നഷ്ടങ്ങളാണവ’-മുസ്അബ് തുടരുന്നു.
ഇതെല്ലാം താങ്കൾ കേൾക്കുന്നുണ്ടോ? ചാനലിൽ തത്സമയം വരാനും സംസാരിക്കാനും സുരക്ഷിതമായൊരു സ്ഥലമുണ്ടായല്ലോ താങ്കൾക്ക്… അതിന് ദൈവത്തോട് നന്ദി പറയൂ… ഞങ്ങൾ നിങ്ങൾക്ക് എന്തെങ്കിലും മോശം ആഗ്രഹിച്ചിട്ടുണ്ടോ? ഞങ്ങളുടെ കുട്ടികൾ നിങ്ങളെ ബുദ്ധിമുട്ടിച്ചിട്ടുണ്ടോ? ഞങ്ങളുടെ ഡോക്ടർമാർ? ഞങ്ങളുടെ അമ്മമാർ? ഞങ്ങളുടെ വിദ്യാർഥികൾ? ഞങ്ങളുടെ വീടുകൾ?’-തലയിൽ കൈവച്ച്, വാക്കുകൾ മുറിഞ്ഞ്, കണ്ണീരണിഞ്ഞുനിൽക്കുന്ന ജെയിംസ് വുഡ്സിന്റെ ചിത്രം പങ്കുവച്ച് ഫലസ്തീൻ കവി ചോദിച്ചു.