തൃശൂർ : മലയാളത്തിന്റെ ഭാവഗായകനെന്ന് സംഗീതാസ്വാദകർ ഹൃദയത്തോടു ചേർത്ത പി.ജയചന്ദ്രന്റെ ഭൗതികശരീരത്തെ അഗ്നിയേറ്റുവാങ്ങി. പാലിയം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാരച്ചടങ്ങിനു സാക്ഷ്യം വഹിക്കാൻ വൻജനാവലിയുണ്ടായിരുന്നു. മകൻ ദിനനാഥൻ അന്ത്യകർമങ്ങൾ ചെയ്ത് ചിതയ്ക്കു തീ കൊളുത്തുമ്പോൾ ഇതിഹാസ സമാനമായ ഒരു സംഗീതകാലത്തിന് അവസാനമായി.
ഇന്നലെ രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ വീട്ടിലും (മണ്ണത്ത് ഹൗസ്) തുടർന്ന് ഉച്ചവരെ സംഗീതനാടക അക്കാദമി റീജനൽ തിയറ്ററിലുമായിരുന്നു പൊതുദർശനം. അതിനുശേഷം മൃതദേഹം തിരികെ മണ്ണത്ത് വീട്ടിലെത്തിച്ചു. ഇന്നു രാവിലെ എട്ടിന് അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷനൽ ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനമുണ്ടായിരുന്നു.
മൃതദേഹം മോർച്ചറിയിൽനിന്ന് ഇന്നലെ രാവിലെ 9.30നു വീട്ടിലെത്തിക്കുമ്പോൾ ഭാര്യ ലളിത, മക്കളായ ലക്ഷ്മി, ദിനനാഥ് എന്നിവർ ഒപ്പമുണ്ടായിരുന്നു. പിന്നാലെ ചെന്നൈയിൽനിന്നു മരുമകൾ സുമിതയും പേരക്കുട്ടി നിവേദയുമെത്തി. ജയചന്ദ്രന്റെ സഹോദരൻ കൃഷ്ണകുമാറും മറ്റു കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ വിയോഗത്തിൽ അനുശോചിച്ചു. സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.