കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, തന്നെ സമൂഹിക മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച യൂട്യൂബര്‍മാര്‍ക്കെതിരെയും നിയമനടപടിയുമായി ഹണി റോസ്. ഇരുപതോളം യൂട്യൂബര്‍മാരുടെ പേരുകള്‍ ഹണി പോലീസിന് കൈമാറും. വീഡിയോകള്‍ക്ക് തന്റെ ചിത്രം വെച്ച് ദ്വയാര്‍ത്ഥ പ്രയോഗത്തോടെ മോശം തമ്പ്‌നെയില്‍ ഇട്ട യൂട്യൂബ് ചാനലുകളുടെ വിവരങ്ങളാകും ഹണി പോലീസിന് കൈമാറുക.
അതേസമയം അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് ബോബി ചെമ്മണ്ണൂര്‍ പോലീസിനോടും മാധ്യമങ്ങളോടും ആവര്‍ത്തിച്ചത്. നടി നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച് കൂടുതല്‍ വകുപ്പുകള്‍ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യത പോലീസ് തേടുന്നുണ്ട്.
ബുധനാഴ്ച്ച രാവിലെ മേപ്പാടിയിലെ ബോച്ച് തൗസന്റ് ഏക്കര്‍ റിസോര്‍ട്ട് വളപ്പില്‍ വെച്ച് അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ രാത്രി ഏഴുമണിക്ക് ശേഷമാണ് കൊച്ചിയിലെത്തിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.
കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പ്രത്യേക അന്വേഷണ സംഘം ബോബി ചെമ്മണ്ണൂരിനെ രാത്രി മുഴുവന്‍ ചോദ്യം ചെയ്തു. രാത്രി 12 മണിയോടെയും പുലര്‍ച്ചെ അഞ്ച് മണിയോടെയും രണ്ട് തവണയായി ബോബി ചെമ്മണ്ണൂരിനെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കിയിരുന്നു.
ബോബി ചെമ്മണ്ണൂര്‍ ഇന്ന് തന്നെ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം. അദ്ദേഹത്തിനായി അഡ്വ. ബി. രാമന്‍പിള്ളയാണ് ഹാജരാകുക. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനായും കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനായും ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിഭാഗത്തിനായും ഹജരായതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നയാളാണ് അഡ്വ. രാമന്‍ പിള്ള.
ഭാരതീയ ന്യായസംഹിതയിലെ 75-ാം വകുപ്പ്, ഐ.ടി. ആക്ടിലെ 67 വകുപ്പ് എന്നിവ പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം ബുധനാഴ്ച വൈകീട്ട് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് കഴിഞ്ഞദിവസം അദ്ദേഹത്തെ ചോദ്യംചെയ്തത്.
ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്നാണ് വിവരം. അതിനിടെ, കേസിലെ പരാതിക്കാരിയായ നടി ഹണി റോസ് ബുധനാഴ്ച വൈകീട്ട് കോടതിയിലെത്തി രഹസ്യമൊഴി നല്‍കിയിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് നടി രഹസ്യമൊഴി നല്‍കിയത്.
ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് നടപടിയില്‍ ഹണി റോസ് നന്ദി അറിയിച്ചിരുന്നു. കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസിനും താനും തന്റെ കുടുംബവും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു എന്നായിരുന്നു ഹണി റോസിന്റെ പ്രതികരണം.