ഭൂവനേശ്വര്‍: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറില്‍ നടക്കുന്ന 18-ാമത് പ്രവാസി ഭാരതീയ ദിവസ് (പിബിഡി) കണ്‍വെന്‍ഷന്‍ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ പ്രവാസി അംഗങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാനും ഇടപഴകാനും ഈ പരിപാടി ഒരു വേദി ഒരുക്കുന്നു.‘വികസിത ഭാരതത്തിലേക്കുള്ള പ്രവാസികളുടെ സംഭാവന’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ 50-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒഡീഷ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷന്‍ ജനുവരി 8 മുതല്‍ 10 വരെയാണ് നടക്കുന്നത്.
പരിപാടിയില്‍, പ്രവാസികള്‍ക്കായി തയ്യാറാക്കിയ ടൂറിസ്റ്റ് ട്രെയിനായ പ്രവാസി ഭാരതീയ എക്‌സ്പ്രസ് പ്രധാനമന്ത്രി വെര്‍ച്വല്‍ ആയി ഫ്‌ളാഗ് ഓഫ് ചെയ്യും. ഡല്‍ഹിയിലെ നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍, പ്രധാന വിനോദസഞ്ചാര, തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കായിരിക്കും യാത്ര ചെയ്യുക. 45 നും 65 നും ഇടയില്‍ പ്രായമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് മാത്രമുള്ളതാണ് ട്രെയിന്‍. ട്രെയിനില്‍ 156 പേര്‍ക്ക് യാത്ര ചെയ്യാം. അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ ഒന്നിലധികം സ്ഥലങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുമെന്നും റെയില്‍വേ അറിയിച്ചു. പ്രവാസി തീര്‍ത്ഥ ദര്‍ശന്‍ യോജനയുടെ ഭാഗമാണ് ഈ ട്രെയിന്‍ സംവിധാനം.
അതേസമയം, ഇന്നലെ നടന്ന ആദ്യ ദിന സമ്മേളനത്തില്‍, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ പ്രശ്നപരിഹാര സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ടെന്ന് വിദേശകാര്യ ജയ്ശങ്കര്‍ എടുത്തുപറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്കുള്ള മന്ത്രം ‘സാങ്കേതികവിദ്യയിലും പാരമ്പര്യത്തിലും’ വേരൂന്നിയതാണെന്ന് അദ്ദേഹം എടുത്തുകാട്ടി. ഇന്ത്യയ്ക്ക് അതിന്റെ കഴിവുകള്‍ കൈവരിക്കാന്‍ സഹായിക്കുന്നതിന് പ്രവാസി ഇന്ത്യക്കാരുടെ (എന്‍ആര്‍ഐ) നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.