തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആർഒയുടെ പുതിയ ചെയര്‍മാനായി ഡോ. വി നാരായണനെ നിയമിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതോടെ രാജ്യത്തെ ശാസ്ത്ര-സാങ്കേതിക രംഗത്ത് പുത്തന്‍ യുഗത്തിന് തുടക്കമായിരിക്കുകയാണ്. ഡോ. എസ് സോമനാഥിന്‍റെ കാലാവധി ജനുവരി 15ന് തീരാനിരിക്കെയാണ് ഐഎസ്ആര്‍ഒ മേധാവിയായി വി നാരായണന്‍റെ നിയമനം.
ഐഎസ്ആര്‍ഒയുടെ തലപ്പത്തേക്ക് എത്തുന്ന ഡോ. വി നാരായണന്‍ ഇസ്രൊയിലെ നാല് പതിറ്റാണ്ട് നീണ്ട കരിയറില്‍ എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങള്‍ സ്വന്തമാക്കിയ സാങ്കേതികവിദഗ്ധനാണ്.
കഴിഞ്ഞ 41 വർഷമായി ഐഎസ്ആർഒയ്ക്കൊപ്പം സഞ്ചരിക്കുന്ന ഡോ. വി നാരായണന് ഇത് പ്രവർത്തന മികവിനുള്ള അംഗീകാരം കൂടിയാണ് . കന്യാകുമാരിയിലെ ചെറു ഗ്രാമത്തിൽ ജനിച്ച വി നാരായണന്‍റെ പ്രാഥമിക വിദ്യാഭ്യാസം തമിഴ് മീഡിയത്തിലായിരുന്നു. ഉന്നത പഠനം പൂര്‍ത്തിയാക്കി 1984ൽ ഇസ്രൊയുടെ ഒപ്പം യാത്ര തുടങ്ങി. സൗണ്ടിംഗ് റോക്കറ്റുകളിൽ തുടങ്ങി എസ്എൽവി, എഎസ്എൽവി എന്നീ ഇസ്രൊയുടെ ആദ്യകാല വിക്ഷേപണ വാഹനങ്ങളുടെ വികസനത്തിൽ പങ്കാളിയായി. വി നാരായണന്‍ പിഎസ്എൽവിയും കടന്ന് ജിഎസ്എൽവി വികസനത്തിന്‍റെ വരെയും ഭാഗമായെന്നതും മികവ്.
1989ൽ വി നാരായണന്‍ ഐഐടി ഖരഗ്‌പൂരിൽ നിന്ന് എംടെക് ഒന്നാം റാങ്കോടെ പാസായി. തിരിച്ച് ജോലിയിൽ പ്രവേശിച്ച ശേഷം ക്രയോജനിക് സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന സംഘത്തിന്‍റെ ഭാഗമായി. ഇന്ത്യയുടെ ആദ്യ തദ്ദേശീയ ക്രയോജനിക് എഞ്ചിൻ വികസനത്തിൽ നിർണായക പങ്ക് വഹിച്ചു. എൽവിഎം 3 റോക്കറ്റിന് കരുത്തേകുന്ന സി-25 ക്രയോജനിക് ഘട്ടത്തിന്‍റെ വികസനത്തിന്‍റെ അമരത്ത് നാരായണനായിരുന്നു. ക്രയോജനിക് സാങ്കേതിക വിദ്യയിൽ തന്നെ പിഎച്ച്‌ഡിയും ഇതിനിടയിൽ പൂർത്തിയാക്കി. ക്രമേണ പ്രൊപ്പൽഷൻ സാങ്കേതിക വിദ്യയിൽ രാജ്യത്തെ മുൻനിര ശാസ്ത്രജ്ഞനായി ഡോ. വി നാരായണൻ വളർന്നു.
ഡോ. വി നാരായണന്‍ 2018ൽ ഇസ്രൊയുടെ എഞ്ചിൻ വികസന കേന്ദ്രമായ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്‍ററിന്‍റെ മേധാവിയായി. ചന്ദ്രയാൻ രണ്ട്, മൂന്ന് ദൗത്യങ്ങൾക്കുള്ള റോക്കറ്റ് എഞ്ചിനുകൾ എൽപിഎസ്‍സി യാഥാർഥ്യമാക്കിയത് നാരായണൻ മേധാവിയായിരിക്കുന്ന കാലത്താണ്. ചന്ദ്രയാൻ രണ്ട് പരാജയം പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ തലവനും ഡോ. വി നാരായണനായിരുന്നു. ഗഗൻയാൻ ദൗത്യത്തിനുള്ള ക്രൂ മൊഡ്യൂളിൽ മനുഷ്യ ജീവൻ നിലനിർത്താനുള്ള സാങ്കേതിക വിദ്യയുടെ വികസനവും എൽപിഎസ്‍സിയിൽ തന്നെയാണ് നടക്കുന്നത്. ഭാവിയുടെ എഞ്ചിനുകളായ ലോക്സ് മിഥെയ്ൻ എഞ്ചിനും ഉപഗ്രഹങ്ങളിലടക്കം ഉപയോഗിക്കാനുള്ള ഇലക്ട്രിക് പ്രൊപ്പൽഷൻ സാങ്കേതിക വിദ്യ വികസനത്തിനും നേതൃത്വം നൽകുന്നതിനിടെയാണ് ഡോ. വി നാരായണന് ഐഎസ്ആർഒ തലപ്പത്തേക്കുള്ള പുതിയ നിയോഗം.