Wednesday, January 8, 2025
HomeAmericaജെറ്റ്ബ്ലൂ വിമാനത്തിൻ്റെ ലാൻഡിങ് ഗിയർ കമ്പാർട്ടുമെൻ്റിൽ രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ജെറ്റ്ബ്ലൂ വിമാനത്തിൻ്റെ ലാൻഡിങ് ഗിയർ കമ്പാർട്ടുമെൻ്റിൽ രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ഫോർട്ട് ലോഡർഡെയ്‌ല്‍: ജെറ്റ്ബ്ലൂ വിമാനത്തിൻ്റെ ലാൻഡിങ് ഗിയർ കമ്പാർട്ടുമെൻ്റിൽ രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. തിങ്കളാഴ്ച രാത്രി 11 മണിയോടെ യുഎസിലെ ഫോർട്ട് ലോഡർഡെയ്‌ല്‍ എയർപോർട്ടില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആരാണെന്നോ എവിടെ നിന്നാണ് ഇവര്‍ വിമാനത്തില്‍ കയറിയതെന്നോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹൃദയഭേദകമായ ഒരു സാഹചര്യമാണെന്നും എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷണത്തില്‍ അധികാരികളുമായി സഹകരിക്കുമെന്നും ജെറ്റ്ബ്ലൂ എയര്‍ലൈന്‍സ് വ്യക്തമാക്കി.

യാത്രയ്ക്ക് ശേഷം  പാര്‍ക്ക് ചെയ്ത വിമാനത്തില്‍ നടത്തിയ പതിവ് പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ന്യൂയോര്‍ക്കിലെ ജോൺ എഫ് കെന്നഡി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഫോർട്ട് ലോഡർഡെയ്‌ലിൽ എത്തിയതായിരുന്നു വിമാനം. ജെറ്റ്ബ്ലൂവിന്‍റെ എയർബസ് എ 320 വിമാനത്തിലാണ് സംഭവം. തിങ്കളാഴ്ച മുഴുവന്‍ സര്‍വീസ് നടത്തിയ വിമാനം ജമൈക്കയിലെ കിങ്സ്റ്റണിൽ നിന്ന് ന്യൂയോര്‍ക്കിലേക്കാണ് ആദ്യ സര്‍വീസ് നടത്തിയത്. തുടര്‍ന്ന് സാള്‍ട്ട്ലേക്ക് സിറ്റിയിലേക്കായിരുന്നു യാത്ര. ഇവിടെ നിന്നാണ് വിമാനം അവസാന യാത്രയ്ക്ക് മുന്‍പ് ജോൺ എഫ് കെന്നഡി രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്തുന്നത്. 

വിമാനത്തിൻ്റെ ചക്രത്തിൽ ഒളിച്ച് യാത്ര ചെയ്യാൻ ശ്രമിക്കുന്നവര്‍ പരീക്ഷിക്കുന്ന ഒരു അപകടകരമായ രീതിയാണിത്. വിമാനത്തിന് പുറത്തുനിന്ന് മാത്രമേ ലാൻഡിങ് ഗിയർ കമ്പാർട്ട്‌മെൻ്റിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. മരിച്ച രണ്ടുപേരും എങ്ങനെ, ഏത് വിമാനത്താവളത്തില്‍ നിന്നും ലാൻഡിങ് ഗിയർ കമ്പാര്‍ട്ട്മെന്‍റില്‍ പ്രവേശിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വിമാനത്തിൻ്റെ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്. ഡിസംബർ അവസാന ആഴ്ചയില്‍ ചിക്കാഗോയില്‍ നിന്നും മൗയിലേക്ക് പോയ യുണൈറ്റഡ് എയർലൈൻസ് വിമാനത്തില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.  ടിക്കറ്റില്ലാത്ത യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ പ്രവേശിക്കുന്നതും ഈയിടെ വിമാന കമ്പനികള്‍ക്ക് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. നവംബറില്‍ ന്യൂയോര്‍ക്കില്‍ നിന്നും പാരീസിലേക്കുള്ള ഡെല്‍റ്റ് എയര്‍ലൈന്‍സിന്‍റെ  വിമാനത്തില്‍ റഷ്യക്കാരനായൊരു വ്യക്തി കടന്നു കൂടിയിരുന്നു. സുരക്ഷ വലയം ഭേദിച്ച് വിമാനത്തിലെത്തിനുള്ളിലെത്തിയ ഇയാളെ പാരിസിലെത്തിയ ഉടന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments