ഒട്ടാവ : പ്രധാനമന്ത്രി സ്ഥാനത്തുനിന്നു ജസ്റ്റിൻ ട്രൂഡോ രാജിവച്ചതിനുപിന്നാലെ കാനഡയുടെ അടുത്ത പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജ അനിത ആനന്ദിനെയും (57) പരിഗണിക്കുന്നതായി റിപ്പോർട്ട്. ലിബറൽ പാർട്ടിയിൽ നിന്ന് അഞ്ച് പേരുടെ പേരാണ് പ്രധാനമന്ത്രി പദത്തിലേക്ക് ഉയരുന്നത്. ഇതിൽ അനിത ആനന്ദിനാണ് കൂടുതൽ സാധ്യതയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.
ക്രിസ്റ്റിയ ഫ്രീലാൻഡ്, മാർക് കാർണെ, മെലനി ജോളി, ഫ്രൻസ്വെ–ഫിലിപ്പെ ഷാംപെയ്ൻ എന്നിവരും പട്ടികയിലുണ്ട്. ഇന്ത്യൻ വംശജനായ ജോർജ് ചഹലിന്റെ പേരും ഉയർന്നു കേൾക്കുന്നു. കാനഡ പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു വനിതയാണ് അനിത ആനന്ദ്.
തമിഴ്നാടാണ് അനിതയുടെ സ്വദേശം. നിലവിൽ ഗതാഗതം, ആഭ്യന്തര വ്യാപരം വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. ക്വീൻസ് സർവകലാശാലയിൽനിന്നു പൊളിറ്റിക്കൽ സയൻസിൽ ബിഎ, ഓക്സ്ഫഡ് സർവകലാശാലയിൽനിന്നു നിയമബിരുദം, ഡൽഹൗസി സർവകലാശാലയിൽനിന്ന് നിയമബിരുദം, ടൊറന്റോ സർവകലാശാലയിൽനിന്നു നിയമത്തിൽ മാസ്റ്റേഴ്സ് ബിരുദങ്ങൾ നേടി അനിത 2019ലാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ടൊറന്റോയിലെ ഓക്‌വില്ലയിൽ മത്സരിച്ച് പാർലമെന്റിൽ എത്തി. കൊവിഡ് വാക്സീൻ രാജ്യത്ത് എത്തിച്ച് ജനപ്രീതി നേടി.
2021ൽ പ്രതിരോധ മന്ത്രിയായെങ്കിലും മന്ത്രിസഭാ പുനഃസംഘടനയിൽ ഗതാഗത വകുപ്പ് ലഭിച്ചു. മാതാപിതാക്കളായ എസ്.വി. ആനന്ദും സരോജ് ഡി. റാമും തമിഴ്നാട് സ്വദേശികളാണ്. ഡോക്ടർമാരായ ഇരുവരും വർഷങ്ങൾക്ക് മുമ്പേ കാനഡയിലേക്ക് കുടിയേറി. നോവ സ്കോട്ടിയയിലെ കെന്റ്‌വില്ലെയിലാണ് അനിത ജയിച്ചത്. ഗീത, സോണിയ എന്നിവർ സഹോദരിമാർ.