കോട്ടയം: കേരള കോൺഗ്രസ് പാർട്ടികളിൽ മക്കൾ രാഷ്ട്രീയം തുടർക്കഥയാണെന്ന് തെളിയിച്ച് പി.ജെ. ജോസഫിന്റെ പിൻഗാമിയായി മകൻ അപു ജോൺ ജോസഫ്. കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് ഉന്നതാധികാരസമിതി യോഗം അപുവിന് പാർട്ടിയിലെ ഉന്നതസ്ഥാനങ്ങൾ നൽകി.
പാർട്ടി സംസ്ഥാന കോഓഡിനേറ്ററായി നിയമിച്ച അപുവിനെ ഹൈപവർ കമ്മിറ്റിയിലും ഉൾപ്പെടുത്തി. എൻ.സി.പി വിട്ട് കേരള കോൺഗ്രസിൽ എത്തിയ റെജി ചെറിയാനെയും കെ.എം. മാണിയുടെ മരുമകൻ എം.പി. ജോസഫിനെയും വൈസ് ചെയർമാന്മാരാക്കി.
പുതിയ നിയമനത്തിലൂടെ പാർട്ടിയിലെ ആദ്യത്തെ അഞ്ച് പ്രധാനികളിലൊരാളായി അപു മാറി. മക്കൾ രാഷ്ട്രീയത്തിന് ഏറെ വേരോട്ടമുള്ള കേരള കോൺഗ്രസ് പാർട്ടികളിൽ ജോസഫ് ഗ്രൂപ്പും അത് പിന്തുടരുന്നതിന്റെ സൂചനയായി അപുവിന്റെ സ്ഥാനക്കയറ്റം. വരുന്ന തെരഞ്ഞെടുപ്പിൽ തൊടുപുഴയിൽ നിന്ന് അപു മത്സരിച്ചേക്കും
മക്കൾ രാഷ്ട്രീയ പാതയിലൂടെയല്ല തന്റെ വരവെന്ന് അപു ജോസഫ് പ്രതികരിച്ചു. പുതിയ പദവിയിൽ അഭിമാനമാണുള്ളത്. യു.ഡി.എഫിനെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും.
മക്കൾ പാതയിലൂടെയായിരുന്നു തന്റെ വരവെങ്കിൽ നേരത്തേ തന്നെ ഏതെങ്കിലും സീറ്റിൽ മത്സരിക്കാമായിരുന്നു.പാർട്ടിയിൽ പ്രവർത്തിച്ച് മുന്നോട്ട് വരണമെന്ന് പിതാവിന് നിർബന്ധമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയുടെ വിവിധ തലത്തിൽ പ്രവർത്തിച്ചാണ് ഹൈപവർ കമ്മിറ്റിയിൽ എത്തിയതെന്നും അപു ജോസഫ് കൂട്ടിച്ചേർത്തു.