ന്യൂഡല്‍ഹി: പകര്‍ച്ചവ്യാധികളുടെ കുതിച്ചുചാട്ടവുമായി യുകെ പോരാടുകയാണെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍. പനിയടക്കമുള്ള പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നുവെന്നും ഒരു മാസം മുമ്പ് രേഖപ്പെടുത്തിയതിന്റെ നാലിരട്ടിയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബിബിസി പറയുന്നതനുസരിച്ച്, കഴിഞ്ഞ ആഴ്ചയുടെ അവസാനത്തില്‍ വൈറസ് ബാധിച്ച 5,000ത്തോളം രോഗികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. 2023 ലെ ഇതേ കാലയളവിനേക്കാള്‍ ഏകദേശം 3.5 മടങ്ങ് കൂടുതലാണിത്. എങ്കിലും 2022 ലെയത്ര ഉയര്‍ന്നതല്ല. വളരെ തണുത്ത കാലാവസ്ഥ ദുര്‍ബലരായ രോഗികളിലും ആരോഗ്യ സംവിധാനത്തിലും സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ച് ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
യുകെയിലെ ഹെല്‍ത്ത് കെയര്‍ സിസ്റ്റം പനിയുടെ ലക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ ആളുകളെ ഉപദേശിക്കുന്നു. പെട്ടെന്നുള്ള ഉയര്‍ന്ന ചൂട്, ശരീരവേദന, ക്ഷീണം, വരണ്ട ചുമ, തൊണ്ടവേദന, തലവേദന, ഉറങ്ങാന്‍ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, വയറിളക്കം അല്ലെങ്കില്‍ വയറുവേദന, ഓക്കാനം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. കുട്ടികളില്‍, ചെവി വേദനയും തളര്‍ച്ചയും ഉള്‍പ്പെടെ ലക്ഷണങ്ങള്‍ കാണാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കണമെന്നും ചികിത്സ തേടണമെന്നും നിര്‍ദേശമുണ്ട്.