വാഷിങ്ടൺ: ന്യൂ ഓർലിയാൻസിൽ നടന്ന പുതുവത്സര ദിന ആക്രമണത്തിന് പിന്നിൽ സംശയിക്കുന്ന 42 കാരനായ ഷംസുദ്-ദിൻ ജബ്ബാറിൻ്റെ അവസാന സമയത്തെ ചിത്രങ്ങൾ എഫ്ബിഐ പുറത്തുവിട്ടു. ഇയാളുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ മുന്നോട്ട് വരാൻ എഫ്ബിഐ ആവശ്യപ്പെട്ടു.
ആക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.എഫ്ബിഐയുടെ എക്‌സ് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ആക്രമണത്തിന് ഒരു മണിക്കൂർ മുമ്പ് ജബ്ബാർ ബർബൺ സ്ട്രീറ്റിന് സമീപം നടക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇളം തവിട്ട് നിറത്തിലുള്ള കോട്ടും ജീൻസും ഡ്രെസ് ഷൂസും ധരിച്ച് ഡാഫിൻ, ഗവർണർ നിക്കോൾസ് തെരുവുകളിലൂടെ ഇയാൾ നടക്കുന്നു.
പുതുവത്സര ദിനത്തിൽ പുലർച്ചെ 3 മണിക്ക് ശേഷം ജബ്ബാർ ഫ്രഞ്ച് ക്വാർട്ടറിൽ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. പുറത്തിറങ്ങിയ ശേഷം പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. വെടിവെപ്പിൽ അക്രമി കൊല്ലപ്പെട്ടു. ആക്രമണത്തിന് ഐഎസുമായി ബന്ധമുണ്ടെന്ന് അധികൃതർ കരുതുന്നു. സംഭവസ്ഥലത്ത് നിന്ന് ഐഎസ് പതാക കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.