വാഷിങ്ടൺ : യു.എസ്. പ്രസിഡന്റ് ജോ ബൈഡനും കുടുംബത്തിനും 2023 -ൽ വിദേശനേതാക്കൾ ഉപഹാരമായി നൽകിയതിൽ ഏറ്റവും വിലകൂടിയത് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ച വജ്രം. 20,000 ഡോളർ (ഏകദേശം 17 ലക്ഷം ഇന്ത്യൻ രൂപ) വിലയുള്ള വജ്രമാണ് ജോ ബൈഡന്റെ ഭാര്യ ജിൽ ബൈഡന് മോദി സമ്മാനിച്ചത്. യു.എസ്. വിദേശകാര്യവകുപ്പ് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
മോദി സമ്മാനിച്ച വജ്രം ഒദ്യോഗിക ഉപയോഗങ്ങൾക്കായി വൈറ്റ്ഹൗസിലെ ഈസ്റ്റ് വിങ്ങിൽ സൂക്ഷിച്ചിരിക്കുകയാണ്. മറ്റ് സമ്മാനങ്ങൾ ആർക്കൈവ്‌സിലേക്ക് മാറ്റി.
7.5 കാരറ്റ് ലാബ് നിർമിത വജ്രമാണ് മോദി നൽകിയത്. യു.എസിലെ യുക്രൈൻ അംബാസഡർ 12 ലക്ഷം രൂപയുടെ ബ്രൂച്ചും (ആഭരണരൂപത്തിലുള്ള പിൻ), ഈജിപ്ത് പ്രസിഡന്റും ഭാര്യയും 3.5 ലക്ഷം രൂപ വിലമതിക്കുന്ന ബ്രേസ്‍ലെറ്റ്, ബ്രൂച്ച്, ആൽബം എന്നിവയും ജിൽ ബൈഡന് സമ്മാനിച്ചിട്ടുണ്ട്.
ബൈഡനും വിലപിടിപ്പുള്ള സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ഈയിടെ ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യുൻ സുക് യോൾ ആറുലക്ഷത്തിന്റെ ഫോട്ടോ ആൽബം, മംഗോളിയൻ പ്രധാനമന്ത്രി മൂന്ന് ലക്ഷത്തിന്റെ പ്രതിമകൾ, ബ്രൂണെയ് സുൽത്താനും ഇസ്രയേൽ പ്രസിഡന്റും 2.5 ലക്ഷത്തിന്റെ വെള്ളിപ്പാത്രം, യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലൻസ്‍കി രണ്ട് ലക്ഷത്തിന്റെ ഫോട്ടോ കൊളാഷ് എന്നിവ ബൈഡന് സമ്മാനമായി നൽകിയിട്ടുണ്ട്.