Monday, January 6, 2025
HomeScienceപുതിയൊരു ഗ്രഹത്തെ കണ്ടെത്തി ബഹിരാകാശ ശാസ്ത്രജ്ഞർ

പുതിയൊരു ഗ്രഹത്തെ കണ്ടെത്തി ബഹിരാകാശ ശാസ്ത്രജ്ഞർ

പുതിയൊരു ഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ് ബഹിരാകാശ ശാസ്ത്രജ്ഞർ. ടി.ഒ.ഐ-3261ബി എന്നാണ് ഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. ഭൂമി സൂര്യനെ വലംവെക്കുന്നത് പോലെ, പുതിയ ഗ്രഹം ടി.ഒ.ഐ-3261 എന്ന നക്ഷത്രത്തെയാണ് വലംവെക്കുന്നത്. ഭൂമിയിൽ നിന്ന് 980 പ്രകാശവർഷം അകലെയാണ് ഇതിന്‍റെ സ്ഥാനം.

ടി.ഒ.ഐ-3261ബി ഗ്രഹത്തിൽ ഒരു വർഷം എന്നത് ഭൂമിയിലെ വെറും 21 ദിവസം മാത്രമാണ്. അതായത്, മാതൃനക്ഷത്രത്തെ ഒരുതവണ ചുറ്റിവരാൻ ഈ ഗ്രഹം എടുക്കുന്നത് 21 ദിവസം മാത്രമാണ്. നക്ഷത്രത്തിന് അടുത്തായി സ്ഥിതിചെയ്തിട്ടും ഈ ഗ്രഹത്തിന് കട്ടിയുള്ള അന്തരീക്ഷം ഉണ്ടെന്നതാണ് ശാസ്ത്രലോകത്തിന് കൗതുകമാകുന്നത്.

സതേൺ ക്വീൻസ്ലാൻഡ് സർവകലാശാലയിലെ ആസ്ട്രോണോമറായ എമ്മാ നാബ്ബിയുടെ നേതൃത്വത്തിലാണ് ടി.ഒ.ഐ-3261ബിയെ കുറിച്ച് പഠിച്ചത്. ദി ആസ്ട്രോണോമിക്കൽ ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

സാധാരണഗതിയിൽ നക്ഷത്രത്തോട് വളരെയടുത്ത് നിൽക്കുന്ന ഗ്രഹങ്ങൾക്ക് കട്ടിയുള്ള അന്തരീക്ഷം ഉണ്ടാവാറില്ല. നക്ഷത്രത്തിൽ നിന്നുള്ള കടുത്ത ചൂടും റേഡിയേഷനും കാരണം കാലക്രമേണ അന്തരീക്ഷം നഷ്ടമാകാറാണ് ചെയ്യുക. എന്നാൽ, ശാസ്ത്രജ്ഞരുടെ ഈയൊരു ധാരണയെ തിരുത്തുകയാണ് പുതിയ ഗ്രഹത്തിന്‍റെ കട്ടിയുള്ള അന്തരീക്ഷം.

ടി.ഒ.ഐ-3261ബി നേരത്തെ വ്യാഴത്തെക്കാൾ വലിയൊരു ഗ്രഹമായിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. കാലക്രമേണ ഇതിന്‍റെ പിണ്ഡം നഷ്ടമായി ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിയതാകാം. ഫോട്ടോഇവാപൊറേഷൻ, ട്രൈഡൽ സ്ട്രിപ്പിങ് എന്നീ രണ്ട് കാരണങ്ങളാണ് ഇതിനായി ചൂണ്ടിക്കാട്ടുന്നത്. പിണ്ഡം ഏറെ നഷ്ടമായ ടി.ഒ.ഐ-3261ബിയുടെ അന്തരീക്ഷത്തിന് നിലവിൽ നെപ്ട്യൂണിന്‍റെ അന്തരീക്ഷത്തേക്കാൾ ഇരട്ടി സാന്ദ്രതയുണ്ട്.

650 കോടി വർഷമാണ് ടി.ഒ.ഐ-3261ബിയുടെ പ്രായം കണക്കാക്കുന്നത്. 450 കോടി വർഷമാണ് ഭൂമിയുടെ പ്രായമായി കണക്കാക്കുന്നത്. ഇത്രയും കാലഘട്ടം നക്ഷത്രത്തോടടുത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രഹത്തിന് എങ്ങനെ സാന്ദ്രതയേറിയ ഒരു അന്തരീക്ഷം നിലനിർത്താൻ സാധിക്കുന്നുവെന്നതാണ് ശാസ്ത്രജ്ഞരുടെ കൗതുകത്തെ ഉണർത്തുന്ന ഘടകം.

നാസയുടെ ജെയിംസ് വെബ്ബ് ടെലസ്കോപ്പ് പോലെയുള്ള ശേഷിയേറിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഈ ഗ്രഹത്തെ കുറിച്ച് പഠിക്കുന്നത് കടുത്ത സാഹചര്യങ്ങളെ ഗ്രഹങ്ങൾ അതിജീവിക്കുന്നത് എങ്ങനെയെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളിലേക്ക് വഴിതെളിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments