ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളെ പൊതിഞ്ഞ് ഇടതൂര്‍ന്ന മൂടല്‍മഞ്ഞ്. കാഴ്ച പരിധി കുറഞ്ഞതോടെ ട്രെയിന്‍, വിമാന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലേക്ക് എത്തിച്ചേരുന്നതിന് അഞ്ച് മിനിറ്റും പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് 11 മിനിറ്റും ശരാശരി കാലതാമസം റിപ്പോര്‍ട്ട് ചെയ്തു. സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എന്നിവയുള്‍പ്പെടെ നിരവധി എയര്‍ലൈനുകളുടെ വിമാനങ്ങളെ മൂടല്‍ മഞ്ഞ് ബാധിച്ചു. മോശം കാലാവസ്ഥ കാരണം അമൃത്സറിലേക്കും ഗുവാഹത്തിയിലേക്കും വരുന്നതും പോകുന്നതുമായ എല്ലാ വിമാനങ്ങളെയും ബാധിച്ചതായി സ്പൈസ് ജെറ്റ് അറിയിച്ചു. ഡല്‍ഹി, അമൃത്സര്‍, ലഖ്നൗ, ബെംഗളൂരു, ഗുവാഹത്തി റൂട്ടുകളില്‍ ഇന്‍ഡിഗോ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് യാത്രാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശൈത്യ തരംഗ മുന്നറിയിപ്പിന്റെ ഭാഗമായി ഗൗതം ബുദ്ധ നഗര്‍ ഭരണകൂടം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും എട്ട് വരെ ക്ലാസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടു.
അതേസമയം, കാലാവസ്ഥാ വകുപ്പിന്റെ കണക്കു പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ ഡല്‍ഹിയിലെ ഉയര്‍ന്ന താപനില 16 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 7.6 ഡിഗ്രി സെല്‍ഷ്യസുമാണ്. ജനുവരി 8 വരെ ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനുവരി 6 ന് നേരിയ മഴയ്ക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ വരെ ഡല്‍ഹിയിലെ താപനില 9.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഇതോടെ ദേശീയ തലസ്ഥാനത്തെ തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസവും ശൈത്യത്തിന്റെ പിടിയിലാണ്.