ന്യൂഡല്‍ഹി: ചൈനയില്‍ അതിവേഗം പടരുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി.) സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്എസ്) ഡോക്ടര്‍ അതുല്‍ ഗോയല്‍. ഇന്ത്യയില്‍ ഇതുവരെ ഡിജിഎച്ച്എസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്‌നം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെ സാധാരണ എടുക്കാറുള്ള പൊതുവായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഡോ.അതുല്‍ ഗോയല്‍ നിര്‍ദേശിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എച്ച്.എം.പി.വി. വ്യാപനം സംബന്ധിച്ച് സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണം.
‘ചൈനയില്‍ മെറ്റാന്യൂമോവൈറസ് പൊട്ടിപ്പുറപ്പെട്ടതായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ആ കണക്കില്‍ ഞാന്‍ വളരെ വ്യക്തമായി പറയട്ടെ. ജലദോഷത്തിന് കാരണമാകുന്ന സാധാരണ ശ്വസനസംബന്ധമായ വൈറസിനെ പോലെയാണ് മെറ്റാപ്ന്യൂമോവൈറസ്, വളരെ പ്രായമായവരിലും വളെര പ്രായം കുറഞ്ഞവരിലും ഇത് ഒരു പനി പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകും’ഡോ. അതുല്‍ ഗോയല്‍ പറഞ്ഞു.
രാജ്യത്തിനകത്ത് ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികളുടെ ഡാറ്റ തങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ട്. 2024 ഡിസംബറിലെ ഡാറ്റയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല, തങ്ങളുടെ ഏതെങ്കിലും സ്ഥാപനങ്ങളില്‍ നിന്ന് വലിയ അളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.