വിവേകാനന്ദപാറയിൽ നിന്ന് തിരുവള്ളുവർ പ്രതിമയിലേക്ക് ഇനി കടൽകാഴ്ചകൾ കണ്ട് നടന്നെത്താം. തമിഴ്നാട് കന്യാകുമാരി വിവേകാനന്ദ പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിച്ച് തമിഴ്നാട് സർക്കാർ സ്ഥാപിച്ച ഗ്ലാസ് ബ്രിഡ്ജ് ജനങ്ങൾക്കായി തുറന്നു. തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്‍റെ രജതജൂബിലി ആഘോഷത്തിന്‍റെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത്. 37 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്.
കന്യാകുമാരിയിൽ തിരുവള്ളുവർ പ്രതിമക്ക് അരികിലേക്ക് എത്താൻ ഇനി കാലാവസ്ഥ വ്യതിയാനം ഒരു പ്രശ്നമല്ല. കടൽ കാഴ്ചകൾ കണ്ട് കടലിനുമീതെ ഗ്ലാസ് ബ്രിഡ്ജിലൂടെ ഇനി നടക്കാം. വിവേകാനന്ദ പാറയിലെത്തുന്ന സഞ്ചാരികൾക്ക് കാലാവസ്ഥ മോശമാകുന്നതോടെ ബോട്ട് ജെട്ടിയിൽ നിന്നുള്ള ബോട്ട് സർവീസ് തടസ്സപ്പെടുന്നത് പതിവായിരുന്നു. പലപ്പോഴും ഇത് സഞ്ചാരികളെ ഏറെ നിരാശപ്പെടുത്തിയിരുന്നു.
ഇതിന് പരിഹാരമായാണ് ഇപ്പോൾ തമിഴ്നാട് സർക്കാർ വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവര്‍ പ്രതിമയ്ക്കും മധ്യേ കടലിന് കുറുകെ കണ്ണാടിപ്പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന്റെ മധ്യത്തിൽ കട്ടിയുള്ള കണ്ണാടി സ്ഥാപിച്ച് തൂക്കുപാലം മാതൃകയിലാണ് നിർമാണം. ചെന്നൈ ഐഐടി വിദഗ്ധരുടെ മേൽനോട്ടത്തിൽ പത്ത് മീറ്റർ വീതിയിൽ 77 മീറ്റർ നീളത്തിലാണ് പാലം നിർമിച്ചിട്ടുള്ളത്.