ന്യൂയോർക്ക്: ആർട്ടിക് ദ്വീപായ ഗ്രീൻലാൻഡ് വാങ്ങാൻ ഡൊണാൾഡ് ട്രംപ് താൽപ്പര്യം പ്രകടിപ്പിച്ചതിന് ശേഷം, ഗ്രീൻലാൻഡിൻ്റെ തലസ്ഥാനമായ നൂക്കിൽ വൈദ്യുതി മുടക്കം ഉണ്ടായതായി റിപ്പോർട്ട്. അതേസമയം, ഗ്രീൻലാൻഡിന് ഇത്തരമൊരു പ്രതിസന്ധിയുണ്ടാകാൻ യുഎസ് ഒരിക്കലും അനുവദിക്കില്ലെന്ന് അമേരിക്കൻ പ്രതിനിധികൾ പറഞ്ഞു. ഡിസംബർ 28 ന് പ്രാദേശിക സമയം രാവിലെ 9.40 ഓടെ ആരംഭിച്ച വൈദ്യുതി മുടക്കം 10 മണിക്കൂറോളം നീണ്ടു. -10 ഡിഗ്രി സെൽഷ്യസ് താപനിലയിൽ മണിക്കൂറോളം തലസ്ഥാനവാസികൾ ബുദ്ധിമുട്ടി. ആശുപത്രികൾ, എമർജൻസി സർവീസുകൾ തുടങ്ങിയ നിർണായക അടിസ്ഥാന സൗകര്യങ്ങളേയും പ്രതിസന്ധി ബാധിച്ചു.
സാധ്യമാകുന്നിടത്ത് ഊർജം സംരക്ഷിക്കാനും കമ്മ്യൂണിറ്റി സെൻ്ററുകളിൽ പോയി അവരുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും ഗ്രീൻലാൻഡ് സർക്കാർ പൗരന്മാരോട് ആവശ്യപ്പെട്ടു. പലരും കാറുകളിലാണ് കഴിഞ്ഞത്. വൈദ്യുതി വിതരണം പുനരാരംഭിച്ചപ്പോൾ, വാഷിംഗ് മെഷീനുകളും ഡിഷ് വാഷ്റുകളും മറ്റ് വലിയ വീട്ടുപകരണങ്ങളും ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി.
ഡൊണാൾഡ് ട്രംപ് കാനഡയിലും പനാമയിലേക്കും ഗ്രീൻലാൻഡിലേക്കും കണ്ണുവെച്ചിരുന്നു. അതുകൊണ്ടുതന്നെ വൈദ്യുതി മുടക്കം കൗതുകമുയർത്തി. നേരത്തെ ഗ്രീൻലാൻഡ് വാങ്ങാൻ ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞിരുന്നു. ഡൊണാൾഡ് ട്രംപിൻ്റെ ആവശ്യത്തോട് പ്രതികരിച്ച ഗ്രീൻലാൻഡ് പ്രധാനമന്ത്രി മ്യൂട്ട് എഗെഡെ, ഗ്രീൻലാൻഡ് വിൽപ്പനയ്ക്കുള്ളതല്ലെന്നും ഒരിക്കലും ഉണ്ടാകില്ലെന്നും പറഞ്ഞു.