ന്യൂയോർക്ക് ∙ വസ്ത്രധാരണച്ചട്ടം ലംഘിച്ചതിനാൽ ഒരു കളിയിൽ വിലക്ക് ലഭിച്ചതിനെത്തുടർന്ന് ലോക റാപിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ നിന്ന് പിൻമാറിയ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൻ നിലപാട് മയപ്പെടുത്തി. ആഗോള ചെസ് സംഘടനയായ ഫിഡെയുമായുള്ള തർക്കം ഒത്തുതീർപ്പായതോടെ, ഇന്ന് ആരംഭിച്ച ബ്ലിറ്റ്സ് ചാംപ്യൻഷിപ്പിൽ കാൾസൻ പങ്കെടുത്തു. കാൾസന് ജീൻസ് ധരിച്ചു പങ്കെടുക്കാൻ തക്കവിധം ഡ്രസ് കോഡിൽ മാറ്റം വരുത്തിയതായി ഫിഡെ അറിയിച്ചതോടെയാണ് മത്സരത്തിൽ പങ്കെടുക്കാൻ സന്നദ്ധനാണെന്ന് മാഗ്നസ് കാൾസൻ വ്യക്തമാക്കിയത്.
നിലവിൽ റാപിഡ്, ബ്ലിറ്റ്സ് ഇനങ്ങളിൽ ചാംപ്യനായ കാൾസൻ, ബ്ലിറ്റ്സിൽ നാളെ നടക്കുന്ന നോക്കൗട്ട് ഘട്ടത്തിനു യോഗ്യത നേടുകയും ചെയ്തു. റാപിഡ് ചാംപ്യൻഷിപ്പിലെ രണ്ടാം ദിനം എട്ട് റൗണ്ട് കഴിഞ്ഞപ്പോൾ ജീൻസ് ധരിച്ചെത്തിയ കാൾസന് 200 ഡോളർ പിഴയിടുകയും ടൂർണമെന്റിലെ ഡ്രസ് കോഡ് അനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ ചീഫ് ആർബിറ്റർ അലക്സ് ഹോളോസാക്ക് ആവശ്യപ്പെടുകയും ചെയ്തു.