Thursday, January 2, 2025
HomeIndiaഐഎസ്ആര്‍ഒയുടെ സ്പാഡെക്‌സ് ദൗത്യം വിക്ഷേപണം ഇന്ന് രാത്രി

ഐഎസ്ആര്‍ഒയുടെ സ്പാഡെക്‌സ് ദൗത്യം വിക്ഷേപണം ഇന്ന് രാത്രി

തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ സ്പാഡെക്‌സ് ദൗത്യ വിക്ഷേപണം ഇന്ന് രാത്രി 9.58 ന് നടക്കും. ബഹിരാകാശത്ത് വച്ച് കൂടിച്ചേര്‍ന്ന് ഉപഗ്രഹങ്ങള്‍ ഒന്നാകുന്ന ഈ ദൗത്യമാണ് ഇസ്രൊയുടെ ഈ വര്‍ഷത്തെ അവസാന വിക്ഷേപണം.

രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ക്കുക എളുപ്പമല്ല. രണ്ട് പേടകങ്ങളുടെയും വേഗ നിയന്ത്രണം കൃത്യമായിരിക്കണം. കൂടിച്ചേര്‍ന്ന് കഴിഞ്ഞാല്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും വേണം. ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍ എന്ന സ്വന്തം ബഹിരാകാശ നിലയം യാഥാര്‍ത്ഥ്യമാക്കാന്‍ ഈ സാങ്കേതിക വിദ്യ വിജയിക്കേണ്ടത് അനിവാര്യമാണ്. നിലയത്തെ ഒരൊറ്റ വിക്ഷേപണത്തില്‍ ബഹിരാകാശത്ത് എത്തിക്കുക സാധ്യമല്ല. ഘട്ടം ഘട്ടമായി വിക്ഷേപിച്ച് പിന്നീട് ബഹിരാകാശത്ത് വച്ച് കൂടിച്ചേര്‍ക്കുകയാണ് നിലവില്‍ പ്രായോഗികമായ രീതി. സോവിയറ്റ് യൂണിയനും അമേരിക്കയും ചൈനയും സ്വന്തം ബഹിരാകാശ നിലയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയത് ഇങ്ങനെയാണ്. സ്പാഡെക്‌സ് ദൗത്യം വിജയിച്ചാല്‍ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമാകും ഇന്ത്യ.

സ്‌പെയ്‌സ് ഡോക്കിങ് എക്സ്‌പെരിമെന്റ് അഥവാ സ്‌പെയ്‌ഡെക്സിനുവേണ്ടിയുള്ള രണ്ടു ചെറു ഉപഗ്രഹങ്ങളെയും വഹിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് ഇന്ന് രാത്രി 9.58-നാണ് പി.എസ്.എൽ.വി.-സി 60 വിക്ഷേപിക്കുക. 220 കിലോഗ്രാംവീതം ഭാരമുള്ള എസ്.ഡി.എക്സ് 01, എസ്.ഡി.എക്സ് 02 ഉപഗ്രഹങ്ങൾക്കു പുറമേ 24 പരീക്ഷണോപകരണങ്ങൾകൂടി പി.എസ്.എൽ.വി. ഭ്രമണപഥത്തിൽ എത്തിക്കും. റോക്കറ്റിന്റെ മുകൾഭാഗത്തെ ഓർബിറ്റൽ എക്സ്‌പെരിമെന്റൽ മൊഡ്യൂളി(പോയെം)ലാണ് ഈ ഉപകരണങ്ങൾ ഭൂമിയെ ചുറ്റുക.

ഭൂമിയിൽനിന്ന് 476 കിലോമീറ്റർ മാത്രം ഉയരെയുള്ള വൃത്താകൃതിയുള്ള ഭ്രമണപഥത്തിലെത്തുന്ന എസ്.ഡി.എക്സ് 01, എസ്.ഡി.എക്സ് 02 ഉപഗ്രഹങ്ങൾ തമ്മിൽ 20 കിലോമീറ്ററുകളോളം അകലമാണ് തുടക്കത്തിലുണ്ടാവുക. ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവ തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവന്ന ശേഷമാണ് രണ്ട് ഉപഗ്രഹങ്ങളും കൂട്ടിയോജിപ്പിക്കുക. ഊർജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റ പേടകംപോലെ പ്രവർത്തിച്ചശേഷം അവയെ വേർപെടുത്തും. അതിനുശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി രണ്ടുവർഷത്തോളം കാലം അവ പ്രവർത്തിക്കും.

ചേസറും ടാര്‍ജറ്റുമെന്ന രണ്ട് ഉപഗ്രഹങ്ങളാണ് ഇന്ന് ബഹിരാകാശത്തേക്ക് പോകുന്നത്, 220 കിലോഗ്രാം വീതമാണ് ഇവയുടെ ഭാരം. ഒന്നിച്ച് വിക്ഷേപിച്ച ശേഷം ബഹിരാകാശത്ത് വച്ച് രണ്ട് വഴിക്ക് പിരിയുന്ന ഇവ വീണ്ടും ഒത്തുചേരും. ഈ ഒത്തുചേരല്‍ കൃത്യമാക്കുക എന്നതാണ് ദൗത്യം. വിക്ഷേപണത്തിനായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

സ്പാഡെക്‌സ് ഇരട്ട ഉപഗ്രഹങ്ങള്‍ക്ക് പുറമേ 24 വ്യത്യസ്ഥ പരീക്ഷണങ്ങളും ഈ പിഎസ്എല്‍വി വിക്ഷേപണത്തില്‍ ബഹിരാകാശത്തേക്ക് പോകുന്നുണ്ട്.

പലതവണ വിക്ഷേപിച്ച വ്യത്യസ്ത ഘടകഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശനിലയം നിർമിച്ചത് ഈ വിദ്യയിലൂടെയാണ്. ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാനിന്റെ അടുത്തഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗൻയാനിനും സ്‌പെയ്‌സ് ഡോക്കിങ് ഉപയോഗപ്പെടുത്താനാവും. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ എന്നപേരിൽ ഇന്ത്യ വിഭാവനംചെയ്യുന്ന ബഹിരാകാശനിലയവും ഇതുപോലെ വ്യത്യസ്ത പേടകങ്ങൾ ഒരുമിച്ചു ചേർത്തുകൊണ്ടാവും നിർമിക്കുക

ഐ.എസ്.ആർ.ഒ.യുടെ പുതിയ ദൗത്യത്തിൽ ബഹിരാകാശത്ത് പയറും ചീരയും മുളപ്പിക്കാനുള്ള പരീക്ഷണങ്ങളുമുണ്ട്. ആദ്യമായാണ് ഇന്ത്യ ബഹിരാകാശത്തേക്ക് ജൈവകോശങ്ങൾ അയക്കുന്നത്. ബഹിരാകാശ സാഹചര്യങ്ങളിൽ കോശവളർച്ചയും സ്വഭാവവും പഠിക്കുന്നതിന് മുംബൈയില അമിറ്റി സർവകലാശാല തയ്യാറാക്കിയ അമിറ്റി പ്ലാന്റ് എക്സ്‌പെരിമെൻൽ മൊഡ്യൂളിലാണ് ഈ പരീക്ഷണം നടക്കുക. ഇതടക്കം 24 പരീക്ഷണോപകരണങ്ങളാണ് റോക്കറ്റിന്റെ മുകൾഭാഗത്തെ പരീക്ഷണ മോഡ്യൂളിൽ ഉള്ളത്. ഇതിൽ 14 എണ്ണം ഐ.എസ്.ആർ.ഒ.യും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണവകുപ്പും നിർമിച്ചതാണ്. സ്റ്റാർട്ടപ്പുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നിർമിച്ചവയാണ് ബാക്കിയുള്ള 10 ഉപകരണങ്ങൾ. ബഹിരാകാശമാലിന്യം പിടിച്ചെടുക്കാനുള്ള റോബോട്ടിക് കൈയുടെ പരീക്ഷണമാണ് അതിലൊന്ന്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments