ന്യൂഡൽഹി : അമേരിക്കൻ ഗായിക കാറ്റി പെറിയും മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പ്രണയത്തിലാണെന്ന് പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഇപ്പോഴിതാ കാറ്റി പെറി തന്നെ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ്. കാറ്റി പെറി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇരുവരും ഒന്നിച്ചുള്ള നിരവധി ഫോട്ടോകൾ പങ്കുവെച്ചുകൊണ്ടാണ് പ്രണയം ഔദ്യോഗികമായി പരസ്യമാക്കിയിരിക്കുന്നത്.
അടുത്തിടെ ജപ്പാനിലേക്കുള്ള ഇരുവരുടേയും യാത്രയിൽ നിന്നുള്ളതായിരുന്നു ഈ ചിത്രങ്ങൾ. പെറിയും ട്രൂഡോയും ചിരിയോടെ സെൽഫിക്ക് പോസ് ചെയ്യുന്നതും കാണാം. പോസ്റ്റിലെ മറ്റൊരു വീഡിയോയിൽ ദമ്പതികൾ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും തുടർന്ന് അവർ സമയം ചെലവഴിക്കുന്ന നിമിഷങ്ങളും ഉണ്ടായിരുന്നു. ടോക്കിയോയിലെ നിമിഷങ്ങൾ എന്ന് വ്യക്തമാക്കുന്ന ക്യാപ്ഷനും പോസ്റ്റിനൊപ്പം നൽകിയിരുന്നു.
മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയെയും ഭാര്യ യൂക്കോയെയും പെറിയും ട്രൂഡോയും സന്ദർശിച്ചിരുന്നു. ഇതിനുപിന്നാലെ എക്‌സിലെ ഒരു പോസ്റ്റിൽ, കിഷിദ കാറ്റിയെ ട്രൂഡോയുടെ പങ്കാളിയെന്ന് വിശേഷിപ്പിച്ച് പോസ്റ്റ് ചെയ്തതും വൈറലായിരുന്നു.
“കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്റെ പങ്കാളിയോടൊപ്പം ജപ്പാൻ സന്ദർശിച്ചു, ഞാനും ഭാര്യയും ഉച്ചഭക്ഷണത്തിന് ചേർന്നു. പ്രധാനമന്ത്രിയായിരുന്ന കാലത്ത്, സഹ നേതാക്കളെന്ന നിലയിൽ ഞങ്ങൾ നിരവധി തവണ കണ്ടുമുട്ടി, ഞാൻ കാനഡ സന്ദർശിച്ചപ്പോൾ, “ജപ്പാൻ-കാനഡ ആക്ഷൻ പ്ലാൻ” രൂപീകരിക്കുന്നതുൾപ്പെടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു, അത് ഒരുമിച്ച് അനുഭവിച്ചു. ഈ രീതിയിൽ ഞങ്ങൾ തുടർന്നും ഈ സൗഹൃദം നിലനിർത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” അദ്ദേഹം എഴുതി.
കാലിഫോർണിയയിലെ സാന്താ ബാർബറയിലെ കാറ്റി പെറിയുടെ ആഡംബര നൗകയിൽ ഇരുവരും ചുംബിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് ഇരുവരുടേയും പ്രണയം മറനീക്കി പുറത്തുവന്നത്. ഏഴ് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2025 ജൂണിൽ പെറി നടൻ ഒർലാൻഡോ ബ്ലൂമുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ഇരുവർക്കും ഒരു മകളുണ്ട്. 18 വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ, 2023 ഓഗസ്റ്റിൽ ട്രൂഡോ ഭാര്യ സോഫി ഗ്രിഗോയറിൽ നിന്ന് വേർപിരിയുന്നതായി പ്രഖ്യാപിച്ചു. അവർക്ക് മൂന്ന് കുട്ടികളുണ്ട്.

