തിരുവനന്തപുരം : ഒന്നര മാസത്തോളം നീണ്ടുനിന്ന തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. സ്ഥാനാർത്ഥികളും നേതാക്കളും പ്രവർത്തകരും വലിയ ആവേശപൂർവ്വം ഏറ്റെടുത്ത പ്രചാരണം വൈകിട്ട് ആറ് മണിക്കാണ് പലയിടങ്ങളിലും വെടിക്കെട്ടോടുകൂടി കൊട്ടികലാശിച്ചത്. കടലിരമ്പം പോലെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിലെ പ്രവർത്തകർ കൊട്ടക്കലാശത്തെ ആവേശമാക്കിയത്. തങ്ങളുടെ സാരഥികൾ വിജയിക്കുമെന്ന് ഓരോ നിമിഷത്തിലും അവർ വിളിച്ചുപറഞ്ഞു. അത്രമേൽ ആവേശമായിരുന്നു എങ്ങും.
40 നാളിലേറെ നീണ്ട പ്രചാരണം തീരുമ്പോൾ കളം നിറഞ്ഞ് കവിഞ്ഞ പ്രവർത്തകരും നേതാക്കളും കേരളത്തിൽ സമ്പൂർണ വിജയം തന്നെയാണ് അവകാശപ്പെടുന്നത്. ഇനിയുള്ള മണിക്കൂറുകളിൽ കേരളത്തിൽ നിശബ്ദ പ്രചാരണമായിരിക്കും. ശേഷം മറ്റന്നാൾ രാവിലെ മുതൽ കേരളം ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള വിധി കുറിക്കും. രണ്ടുനാൾ കഴിഞ്ഞ് 11 നാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്. തൃശൂർ മുതൽ കാസർകോട് വരെയുള്ള 7 ജില്ലകൾ ആകും 11 ന് ബൂത്തിലെത്തുക. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
മട്ടന്നൂര്‍ നഗരസഭ ഒഴികെ സംസ്ഥാനത്തെ 1200 തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കാണ് കേരള ജനത രണ്ട് ഘട്ടങ്ങളിലായി വിധി കുറിക്കുന്നത്. ഇതില്‍ 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും ആറ് കോര്‍പ്പറേഷനുകളും 14 ജില്ലാ പഞ്ചായത്തുകളും ഉള്‍പ്പെടുന്നു.
സംസ്ഥാനത്താകെ 75,644 സ്ഥാനാര്‍ഥികളാണ് വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് ജനവിധി തേടുന്നത്. ഇതില്‍ 39,609 സ്ത്രീകളും 36,034 പുരുഷന്‍മാരും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയും ജനവിധി തേടുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തന്‍കോട് ഡിവിഷനില്‍ നിന്നുമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥി ജനവിധി തേടുന്നത്.
ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിലേക്ക് ആകെ മത്സരിക്കുന്നത് 55,430 സ്ഥാനാര്‍ഥികളാണ്. 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 7,108 സ്ഥാനാര്‍ഥികളും 87 മുനിസിപ്പാലിറ്റികളിലേക്ക് 10,031 സ്ഥാനാര്‍ഥികളും ആറ് കോര്‍പ്പറേഷനുകളിലേക്ക് 18,00 സ്ഥാനാര്‍ഥികളും 14 ജില്ലാ പഞ്ചായത്തുകളിലേക്ക് 1274 സ്ഥാനാര്‍ഥികളുമാണ് ജനവിധി തേടുന്നത്.

