വാഷിങ്ടൺ: അടുത്ത 30 വർഷംകൊണ്ട് നിർമിതബുദ്ധി (എ.ഐ.) മനുഷ്യരാശിയെ തുടച്ചുനീക്കുമെന്ന് ഐ.ഐ.യുടെ തലതൊട്ടപ്പനായി കണക്കാക്കുന്ന ബ്രിട്ടീഷ്-കനേഡിയൻ കംപ്യൂട്ടർ ശാസ്ത്രജ്ഞൻ ജെഫ്രി ഹിന്റൺ. ഐ.ഐ. സാങ്കേതികവിദ്യയിലെ മാറ്റത്തിന്റെ വേഗം പ്രതീക്ഷച്ചതിനെക്കാൾ വേഗത്തിലാണെന്ന് ഇത്തവണത്തെ ഭൗതികശാസ്ത്ര നൊബേൽ ജേതാവുകൂടിയായ ഹിന്റൺ പറഞ്ഞു. അടുത്ത മൂന്ന് ദശകത്തിനുള്ളിൽ എ.ഐ., മനുഷ്യരെ വംശനാശത്തിലേക്കു നയിക്കാൻ 10 മുതൽ 20 ശതമാനംവരെ സാധ്യതയുണ്ട്. ഐ.ഐ. പോലെ മനുഷ്യനെക്കാൾ ബുദ്ധിയുള്ള മറ്റൊന്നിനെയും മുൻപ് നമുക്ക് കൈകാര്യം ചെയ്യേണ്ടിവന്നിട്ടില്ലെന്നും ഹിന്റൺ പറഞ്ഞു.
“കൂടുതൽ ബുദ്ധിയുള്ള ഒന്നിനെ കുറഞ്ഞ ബുദ്ധിയുള്ള ഒന്ന് നിയന്ത്രിക്കുന്നതിന് നിങ്ങൾക്ക് എത്ര ഉദാഹരണങ്ങൾ നൽകാൻ കഴിയും. അമ്മയും കുഞ്ഞും. അതുമാത്രമാണ് എനിക്കാകെ അറിയുന്ന ഒന്ന്. അമ്മയെ നിയന്ത്രിക്കുന്നവിധത്തിൽ കുഞ്ഞിനെ പരുവപ്പെടുത്താൻ പരിണാമം ഏറെ അധ്വാനിച്ചു. അടുത്ത 20 വർഷത്തിനുള്ളിൽ മനുഷ്യനെക്കാൾ ബുദ്ധിയുള്ള എ.ഐ. സങ്കേതങ്ങൾ ഉണ്ടാകാനിടയുണ്ട്.” -ഹിന്റൺ പറഞ്ഞു.
നിർമിതബുദ്ധിയുയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി കഴിഞ്ഞകൊല്ലം ഗൂഗിളിൽനിന്ന് രാജിവെച്ചതോടെ ഹിന്റൺ വാർത്തകളിൽ നിറഞ്ഞിരുന്നു. മനുഷ്യനെക്കാൾ ബുദ്ധികൂർമതയുള്ള എ.ഐ. സംവിധാനങ്ങൾ സൃഷ്ടിക്കുന്നത് മനുഷ്യരാശിയുടെ നിലനില്പിന് ഭീഷണിയാണെന്നാണ് എ.ഐ.യ്ക്കെതിരേയുള്ള പ്രചാരകരുടെ വാദം.