വാഷിങ്ടൺ: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി യു.എസ്. ‘തന്ത്രപരമായ ഉഭയകക്ഷി പങ്കാളിത്തത്തിന്റെ ഏറ്റവും മഹത്തായ ചാമ്പ്യന്മാരിൽ ഒരാൾ’ എന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അദ്ദേഹത്തെ വിശേഷിപ്പിച്ചു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നമ്മുടെ രാജ്യങ്ങൾ ഒരുമിച്ച് നേടിയെടുത്ത പലതിനും ഡോ.സിങ്ങിന്റെ പ്രവർത്തനം അടിത്തറയിട്ടു. യു.എസ്-ഇന്ത്യ സിവിൽ ആണവ സഹകരണ ഉടമ്പടി മുന്നോട്ട് കൊണ്ടുപോകുന്നതിൽ മുൻ പ്രധാനമന്ത്രിയുടെ നേതൃത്വം വലിയ പങ്കു വഹിച്ചെന്നും ബ്ലിങ്കൻ പറഞ്ഞു.
ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിച്ച സാമ്പത്തിക പരിഷ്‌കാരങ്ങൾക്കായി ഡോ. സിങ് ഓർമിക്കപ്പെടും. അമേരിക്കയെയും ഇന്ത്യയെയും കൂടുതൽ അടുപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമർപണവും എപ്പോഴും ഓർക്കുമെന്നും ബ്ലിങ്കൻ പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലേക്ക് നയിച്ച മുൻനിര സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പേരിൽ മുൻ പ്രധാനമന്ത്രി എക്കാലവും സ്മരിക്കപ്പെടുമെന്ന് ഇന്ത്യൻ- അമേരിക്കൻ കോൺഗ്രസ് അംഗം റോ ഖന്നയും പറഞ്ഞു. ‘യു.എസ്-ഇന്ത്യ ആണവ കരാർ ഉറപ്പിക്കുന്നതിൽ ബുഷ് ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കാനായതിൽ ഞാൻ അഭിമാനിക്കുന്നു. അന്നത്തെ പ്രധാനമന്ത്രി സിങ്ങിൽ നിന്ന് അതിനുള്ള എന്റെ പ്രവർത്തനത്തിന് നന്ദി അറിയിച്ചുകൊണ്ട് ഒരു കത്ത് ലഭിച്ചിരുന്നു. അദ്ദേഹത്തിന് എന്നും എന്റെ ബഹുമാനവും ആദരവും ഉണ്ടായിരിക്കും’- ഖന്ന കൂട്ടിച്ചേർത്തു.