Friday, December 27, 2024
HomeGulfസ്വദേശിവൽകരണം ഡിസംബർ 31 ന് മുൻപ് നടത്തണം: കമ്പനികള്‍ക്ക് പ്രത്യേക നിര്‍ദേശം, പ്രവാസികളുടെ ജോലിക്ക് ഭീഷണി

സ്വദേശിവൽകരണം ഡിസംബർ 31 ന് മുൻപ് നടത്തണം: കമ്പനികള്‍ക്ക് പ്രത്യേക നിര്‍ദേശം, പ്രവാസികളുടെ ജോലിക്ക് ഭീഷണി

ദുബായ് : യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഒരു നിര്‍ദേശം നല്‍കിയിരുന്നു. ഡിസംബര്‍ 31നകം നിശ്ചിത എണ്ണം ജോലി സ്വദേശികള്‍ക്ക് നല്‍കണം എന്നായിരുന്നു നിര്‍ദേശം. ഡിസംബര്‍ 31 അടുക്കവെ സര്‍ക്കാര്‍ ഇക്കാര്യം ആവര്‍ത്തിച്ച് ഉണര്‍ത്തിയിരിക്കുകയാണ്. ഇതോടെ തങ്ങളുടെ ജോലി നഷ്ടമാകുമോ എന്ന ആശങ്ക പ്രവാസികള്‍ക്കിടയിലുണ്ട്.

അമ്പതിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികൾ രണ്ട് ശതമാനം ജോലി സ്വദേശികള്‍ക്ക് നല്‍കണം എന്നാണ് നിബന്ധന. 20-49 തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനികളില്‍ ഒരു സ്വദേശിയെ നിയമിക്കണമെന്നും ഈ വര്‍ഷം ജനുവരിക്ക് മുമ്പ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന സ്വദേശിയെ തുടരാന്‍ അനുവദിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന 23000 കമ്പനികള്‍ സര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ചുകഴിഞ്ഞു. 124000 സ്വദേശികള്‍ക്ക് ജോലി ലഭിക്കുകയും ചെയ്തു. എങ്കിലും ഇപ്പോഴും പല കമ്പനികളും നിര്‍ദേശം പാലിച്ചില്ല എന്നാണ് വിലയിരുത്തല്‍. അവര്‍ക്ക് വേണ്ടിയാണ് പുതിയ ഓര്‍മപ്പെടുത്തല്‍. ഡിസംബര്‍ 31 കഴിഞ്ഞിട്ടും നിര്‍ദേശം പാലിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടി വരും.

സ്വകാര്യ കമ്പനികളുടെ ആസ്ഥാനം യുഎഇയിലേക്ക് മാറ്റുന്നതിന് പ്രത്യേക പ്രോല്‍സാഹനം പ്രഖ്യാപിച്ചിരുന്നു ഭരണകൂടം. കടലാസ് നടപടികള്‍ എളുപ്പമാക്കിയും സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഇളവ് അനുവദിച്ചുമായിരുന്നു പ്രോല്‍സാഹനം. പിന്നീട് വിസ നടപടികളും ലഘൂകരിച്ചു. എന്നാല്‍ യുഎഇ തേടുന്നതും സൗകര്യമൊരുക്കുന്നതും പ്രധാനമായും വിദഗ്ധ തൊഴിലാളികളെയും സംരംഭകരെയുമാണ്.

നിര്‍ദേശം പാലിക്കാത്ത സ്വകാര്യ കമ്പനികള്‍ 96000 ദിര്‍ഹം പിഴയൊടുക്കേണ്ടി വരും. രണ്ട് സ്വദേശികളെ നിയമിക്കേണ്ട കമ്പനികള്‍ ഇതിന് ഇരട്ടി തുക അടയ്‌ക്കേണ്ടി വരും. അതേസമയം, യുഎഇയില്‍ ജോലി തട്ടിപ്പ് വ്യാപകമാകുന്നു എന്ന സൂചനയും വരുന്നുണ്ട്. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കാന്‍ പൗരന്മാര്‍ക്ക് യുഎഇ ഭരണകൂടം നിര്‍ദേശം നല്‍കി. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തിന്റെ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.

സ്വദേശികള്‍ക്ക് ജോലി നല്‍കുന്നതില്‍ നേരത്തെ കമ്പനികള്‍ വിമുഖത കാണിച്ചിരുന്നു. ഉയര്‍ന്ന ശമ്പളം നല്‍കേണ്ടി വരുന്നതാണ് അവരെ പിന്നോട്ടടിപ്പിച്ചത്. മാത്രമല്ല, കമ്പനികളുടെ ചെലവ് വര്‍ധിക്കുമെന്നതും തിരിച്ചടിയായി കണക്കാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെ കമ്പനികള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ല.

സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത് വഴി വിദേശികള്‍ക്ക് വന്‍തോതില്‍ ജോലി നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട. എങ്കിലും കമ്പനികള്‍ സാമ്പത്തിക ക്രമീകരണത്തിന്റെ ഭാഗമായി ചില നടപടികള്‍ സ്വീകരിച്ചേക്കാം. വിദഗ്ധ തൊഴിലാളികളെയാണ് പുതിയ നടപടികള്‍ ബാധിക്കുക. ഘട്ടങ്ങളായി കമ്പനികളിലെ സ്വദേശികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ വരും വര്‍ഷങ്ങളിലും പ്രതീക്ഷിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments