Friday, December 27, 2024
HomeNewsശബരിമലയിൽ എത്തിയ തീർത്ഥാടകാരുടെ എണ്ണത്തിൽ വർദ്ധന; വരുമാനത്തിൽ 28 കോടിയുടെ വർദ്ധനവ്, ഇനി മകരവിളക്ക് മഹോത്സവം

ശബരിമലയിൽ എത്തിയ തീർത്ഥാടകാരുടെ എണ്ണത്തിൽ വർദ്ധന; വരുമാനത്തിൽ 28 കോടിയുടെ വർദ്ധനവ്, ഇനി മകരവിളക്ക് മഹോത്സവം

പത്തനംതിട്ട: മണ്ഡലകാല സീസണിൽ ഇത്തവണ ശബരിമലയിലെ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധനവ്. മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ഇന്ന് ശബരിമലയിൽ മണ്ഡല പൂജയാണ്. ഇന്ന് രാത്രി ഒന്നിനാണ് നട അടയ്ക്കുക. മണ്ഡല പൂജയാണെങ്കിലും ഇന്ന് ശബരിമലയിൽ പതിവ് തിരക്ക് കാണാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നാൽപത്തിയൊന്ന് ദിവസത്തോളം നീണ്ട തീർത്ഥാടനത്തിന് ഇന്ന് അന്ത്യം കുറിക്കുക.

ഇത്തവണ മണ്ഡലകാലത്ത് ഡിസംബര്‍ 25 വരെ മാത്രം 32,49,756 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 4,07,309 പേര്‍ അധികമെത്തിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 28,42,447 പേര്‍ ദര്‍ശനം നടത്തിയ സ്ഥാനത്താണ് ഇത്തവണ വർധന ഉണ്ടായിരിക്കുന്നത്. തത്സമയ ബുക്കിംഗിലൂടെ മാത്രം 5,66,571 പേര്‍ ദര്‍ശനം നടത്തി.

തങ്കയങ്കി സന്നിധാനത്ത് എത്തിയ ദിനം മാത്രം 62,877 പേര്‍ ദര്‍ശനം നടത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുല്ലുമേട് വഴി ഇത് വരെ 74,764 പേര്‍ ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷം പുല്ലുമേട് വഴി 69,250 പേരാണ് ദര്‍ശനം നടത്തിയത്. ഭക്തരുടെ എണ്ണത്തിലെ വർധനവ് ഇന്നത്തെ കണക്കുകൾ കൂടി കൂട്ടുമ്പോൾ വലിയ രീതിയിൽ ഉയരുമെന്നാണ് കണക്കാക്കുന്നത്.

ഇന്ന് ഹരിവരാസനം പാടി നട അടച്ചാല്‍ ഡിസംബര്‍ 30ന് വൈകിട്ട് 5ന് മകരവിളക്ക് മഹോത്സത്തിനായി നട വീണ്ടും തുറക്കും. ഇത്തവണ 2025 ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം നടക്കുക. അതിന് മുന്നോടിയായി വലിയ രീതിയിൽ ഭക്തർ എത്തുമെന്നാണ് കണക്കാക്കുന്നത്. മകവിളക്ക് മഹോത്സവത്തിനായി സന്നിധാനത്തും പമ്പയിലും ഒക്കെ തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു.

വിവിധ അഭിഷേകങ്ങൾ പൂർത്തിയാക്കി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മണ്ഡല പൂജ ചടങ്ങുകൾ തുടങ്ങിയിരുന്നു. ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. തങ്കയങ്കി ചാർത്തിയായിരുന്നു മണ്ഡലപൂജ നടന്നത്. കഴിഞ്ഞ വർഷത്തേക്കാൾ തീർത്ഥാടകർ അധികമായി എത്തിയെങ്കിലും പോലീസും ദേവസ്വം ബോർഡും കൃത്യമായി ഏകോപനം നടത്തിയതിനാൽ ഇക്കുറി പരാതികൾ അധികമുണ്ടായിരുന്നില്ല

അതേസമയം, ഇത്തവണ ശബരിമലയിൽ മുൻ വർഷത്തെ അപേക്ഷിച്ച് വരുമാനം 28 കോടിയോളം അധികമായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മന്ത്രി വിഎൻ വാസവനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണക്കുകൾ അന്തിമമല്ലെന്നും താൽക്കാലികമായി ലഭ്യമായ കണക്കുകൾ ആണെന്നും അന്തിമ കണക്കുകളിൽ ഇത് ഇനിയും ഉയരുമെന്നുമാണ് മന്ത്രി അറിയിക്കുന്നത്.മകരവിളക്ക് ഒരുക്കങ്ങൾ സംബന്ധിച്ചു ഡിസംബർ 28ന് നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് നടത്താനിരുന്ന യോഗം എംടി വാസുദേവൻ നായരുടെ വിയോഗത്തെ തുടർന്നാണ് ഡിസംബർ 28ലേക്ക് മാറ്റിയത്. യോഗത്തിൽ മകരവിളക്കുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments