ന്യൂയോർക്ക്: ഇന്ത്യക്കാർക്കെതിരെ വിദ്വേഷ പരാമർശവുമായി ട്രംപ് അനുകൂലിയായ ഇൻഫ്ലുവൻസർ രംഗത്ത്. H1B വിസകളുടെ പേരിൽ ലോറ ലൂമർ എന്ന ഇൻഫ്ലുവൻസറാണ് രംഗത്തെത്തിയത്. കമലാ ഹാരിസ് പ്രസിഡൻ്റായാൽ വൈറ്റ് ഹൗസിന് ഇന്ത്യൻ കറിയുടെ മണമാകുമെന്ന് പറഞ്ഞ് ഒരിക്കൽ വിവാദനായികയായിരുന്നു. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി പോളിസിയിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സീനിയർ പോളിസി അഡൈ്വസർ സ്ഥാനത്തേക്ക് ശ്രീരാമകൃഷ്ണനെ ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തതിന് പിന്നാലെയാണ് ഇന്ത്യക്കാർക്കെതിരെ വിമർശനവുമായി ഇവർ രംഗത്തെത്തിയത്.
ചെന്നൈയിൽ ജനിച്ച ശ്രീരാം കൃഷ്ണൻ ഗ്രീൻ കാർഡുകൾക്കുള്ള കൺട്രി ക്യാപ് നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നു. ലോറ ലൂമർ അമേരിക്ക ഫസ്റ്റ് നയത്തെ ചോദ്യം ചെയ്യുകയും ഇന്ത്യക്കാരെ മൂന്നാം ലോക കൈയേറ്റക്കാർ എന്ന് വിളിക്കുകയും ചെയ്തു. നമ്മുടെ രാജ്യം നിർമ്മിച്ചത് യഥാർത്ഥത്തിൽ വെള്ളക്കാരായ യൂറോപ്യന്മാരാണ്. ഇന്ത്യയിൽ നിന്നുള്ള മൂന്നാം ലോക കടന്നുകയറ്റക്കാരല്ലെന്നും ലൂമർ പറഞ്ഞു.
ഇന്ത്യക്കാർ കുളിക്കുന്നതും കുടിക്കുന്നതും ഒരേ വെള്ളത്തിലാണെന്നും ലൂമർ പറഞ്ഞു. ഇന്ത്യൻ വംശജരായ വിവേക് രാമസ്വാമിയെയും വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ജെ ഡി വാൻസിൻറെ ഭാര്യ ഉഷ വാൻസിനെയും ഓർമ്മിപ്പിച്ചപ്പോൾ, അമേരിക്ക ഫസ്റ്റ് നയത്തിൽ വിവേക് രാമസ്വാമിയും ജെ ഡി വാൻസും നിലകൊള്ളുന്നുവെന്ന് ലോറ പറഞ്ഞു. ഇന്ത്യ വളരെ ഉയർന്ന വൈദഗ്ധ്യമുള്ളവരാണെങ്കിൽ യുഎസിലേക്ക് ഒഴുകുന്നതിന് പകരം അവിടെ താമസിക്കുമായിരുന്നുവെന്നും ലോറ പറഞ്ഞു.