Monday, December 23, 2024
HomeIndiaയെച്ചൂരിയുടെ ഭൗതിക ശരീരം എയിംസിന് കൈമാറും

യെച്ചൂരിയുടെ ഭൗതിക ശരീരം എയിംസിന് കൈമാറും

ഡൽഹി: അന്തരിച്ച സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം എയിംസിന് കൈമാറും. സെപ്റ്റംബർ 14ന് ശനിയാഴ്ച ദില്ലി എകെജി ഭവനിൽ പൊതുദർശനത്തിന് വച്ച ശേഷമാകും ഭൗതിക ശരീരം എയിംസിന് കൈമാറുക. മൃതദേഹം ഇന്ന് എയിംസിൽ സൂക്ഷിക്കും. നാളെ വൈകിട്ട് വസന്ത്കുഞ്ചിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം മറ്റന്നാൾ എകെജി ഭവനിൽ പൊതുദർശനത്തിന് വെക്കും.

ന്യുമോണിയ ബാധയെ തുട‍ർന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. 2015 ഏപ്രിൽ മാസത്തിൽ സിപിഐഎമ്മിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി നിയോ​ഗിതനായ യെച്ചൂരി ഏറ്റവും ഒടുവിൽ 2022 ഏപ്രിലിൽ കണ്ണൂരിൽ വെച്ച നടന്ന സിപിഐഎമ്മിൻ്റെ 23-ാം പാർട്ടി കോൺ​ഗ്രസിൽ മൂന്നാംവട്ടവും ജനറൽ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടിരുന്നു.

സിപിഐഎമ്മിൻ്റെ 24-ാം പാർട്ടി കോൺ​ഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത്. സാമ്പത്തിക ശാസ്ത്രം, ചരിത്രം, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം എന്നിവയിൽ വലിയ അവ​ഗാഹമുള്ള നേതാവായാണ് സീതാറം യെച്ചൂരി പരി​ഗണിക്കപ്പെടുന്നത്.

എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തന രം​ഗത്തെത്തിയ യെച്ചൂരി വിദ്യാഭ്യാസ കാലത്ത് തന്നെ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സൈദ്ധാന്തികൻ എന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. 1974-ൽ സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ)യിൽ ചേർന്ന യെച്ചൂരി തൊട്ടടുത്ത വർഷം സിപിഐഎം അം​ഗമായി. ഒരു വർഷത്തിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) (സിപിഐ (എം)) യിൽ ചേർന്നു.

1975-ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് സീതാറാം അറസ്റ്റിലായിരുന്നു. പിന്നീടുള്ള ആറുമാസം ഒളിവിലായിരുന്നു യെച്ചൂരിയുടെ പ്രവർത്തനം. ഇതോടെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായും യെച്ചൂരി മാറി. യെച്ചൂരിയുടെ വിയോ​ഗം രാജ്യത്തിന് തീരാനഷ്ടമാണെന്ന് രാഷ്ട്രീയ രം​ഗത്തെ പ്രമുഖർ പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments