കാൻസർ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം. കാൻസറിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചുവെന്നാണ് പ്രഖ്യാപനം. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെൻ്റർ ജനറൽ ഡയറക്ടർ ആൻഡ്രി കപ്രിൻ ആണ് ഇക്കാര്യം അറിയിച്ചത്.വാക്‌സിൻ 2025 ആദ്യം തന്നെ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം.
കാൻസർ വാക്സിനുകൾ ഉടൻ വികസിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ നേരത്തെ അറിയിച്ചിരുന്നു.വാക്‌സിൻ ട്യൂമർ വികസനത്തെയും കാൻസർ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കൽ ട്രയലുകളിൽ കണ്ടെത്തിയെന്ന് ഗമാലിയ നാഷണൽ റിസർച്ച് സെൻ്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ജിൻ്റ്സ്ബർഗ് പറഞ്ഞു.
പൊതുജനങ്ങൾക്ക് നേരിട്ട് നൽകാതെ, കാൻസർ രോഗികളുടെ ചികിത്സയ്ക്കായാണ് വാക്സിൻ ഉപയോഗിക്കുകയെന്നാണ് റിപ്പോർട്ട്. കാൻസർ വാക്സിൻ്റെ പേര് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ റഷ്യ പുറത്തുവിട്ടിട്ടില്ല.റഷ്യയിൻ കാൻസർ രോഗികളുടെ എണ്ണത്തിൽ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ എന്നാണ് റിപ്പോർട്ട്.
വാക്സിനുകളുടെ രൂപഘടന കണ്ടെത്തുന്നതിനുള്ള നീണ്ട പ്രക്രിയ ആധുനിക സങ്കേതികവിദ്യയുടെ ഉപയോഗത്തോടെ ഒരു മണിക്കൂറിൽ താഴെയായി ചുരുങ്ങുന്നുയെന്നും റഷ്യൻ വാക്സിൻ പദ്ധതികളുടെ മേധാവി അറിയിച്ചു. വാക്സിനുകളുടെയും അതിലെ എംആർഎൻഎകളുടെ ഘടന നിശ്ചയിക്കുന്ന സങ്കീർണമായ പ്രക്രിയ AI യുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ന്യൂറൽ നെറ്റ്‍വർക്ക് കംപ്യൂട്ടിങ് വഴി അര മണിക്കൂർ മുതൽ പരമാവധി ഒരു മണിക്കൂർ കൊണ്ട് പൂർത്തിയാകുന്ന തരത്തിലേക്ക് മാറ്റാൻ കഴിഞ്ഞുവെന്നാണ് വാക്സിൻ മേധാവി വ്യക്തമാക്കുന്നത്.
ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ഉദ്ദീപിപ്പിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുകയാണ് ഈ വാക്സിനുകളുടെ രീതി. ട്യൂമർ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ആന്റിജനുകളെയോ അല്ലെങ്കിൽ പ്രത്യേക പ്രോട്ടീനുകളെയോ ആയിരിക്കും വാക്സിനുകൾ ലക്ഷ്യമിടുക. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ കാൻസർ കോശങ്ങൾക്കെതിരായി പ്രവർത്തിക്കാൻ സജ്ജമാക്കുകയാണ് ചെയ്യുന്നത്.മാത്രമല്ല HPV വാക്സിൻ പോലെയുള്ള പ്രിവൻ്റീവ് വാക്സിനുകൾ കാൻസറുമായി ബന്ധപ്പെട്ട വൈറസുകളിൽ നിന്ന് സംരക്ഷിക്കുന്നു, സെർവിക്കൽ കാൻസർ പോലുള്ള ചില ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നു.
ശരീരത്തിൻ്റെ സ്വാഭാവിക പ്രതിരോധം വർധിപ്പിക്കുന്നതിലൂടെ, വാക്സിനുകൾക്ക് ട്യൂമർ വളർച്ച മന്ദഗതിയിലാക്കാനും, കാൻസറിന്റെ ആവർത്തനം തടയാനും അല്ലെങ്കിൽ പ്രാരംഭ ഘട്ടത്തിലെ കാൻസറുകൾ ഇല്ലാതാക്കാനും ഇവ സഹായകരമാകും. ഈ വാക്‌സിൻ കണ്ടെത്തൽ കാൻസർ ചികിത്സയിൽ നിർണായക സ്വാധീനം ചെലുത്തിയേക്കും