Sunday, December 22, 2024
HomeIndiaനിസ്സാനും ഹോണ്ടയും ഒന്നിക്കുന്നു: വാഹന വിപണി രംഗത്ത് പിടി മുറുക്കുമോ ഇവർ ?

നിസ്സാനും ഹോണ്ടയും ഒന്നിക്കുന്നു: വാഹന വിപണി രംഗത്ത് പിടി മുറുക്കുമോ ഇവർ ?

ജപ്പാനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ടയും നിസാനും ലയിച്ച് പുതിയ കമ്പനി രൂപീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കാര്‍ വിപണിയില്‍ ടൊയോട്ടയില്‍ നിന്നുള്ള വെല്ലുവിളി നേരിടുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുകൂട്ടരും തമ്മില്‍ യോജിച്ചു പോകാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. കമ്പനികള്‍ തമ്മില്‍ ഉടന്‍ ധാരണപത്രത്തില്‍ ഒപ്പിടുമെന്നാണ് വിവരം.മറ്റൊരു ജപ്പാനീസ് കമ്പനിയായ മിത്‌സുബിഷി മോട്ടോഴ്‌സിനെയും ഹോള്‍ഡിംഗ് കമ്പനിയുടെ കീഴിലാക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്ന് ബിസിസി റിപ്പോര്‍ട്ട് ചെയ്തു. മിത്‌സുബിഷിയുടെ ഏറ്റവും വലിയ ഓഹരി ഉടമയാണ് നിസാന്‍.

വൈദ്യുത വാഹന രംഗത്ത് കൂടുതല്‍ സഹകരണത്തോടെ മുന്നേറാന്‍ ഹോണ്ടയും നിസാനും മാര്‍ച്ചില്‍ തീരുമാനിച്ചിരുന്നു. ഇ.വിയിലെ എതിരാളികളുടെ മല്‍സരം നേരിടാനും വിപണിവിഹിതം ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് സഹകരണം. ടെസ്‌ല, ബി.വൈ.ഡി തുടങ്ങിയ വൈദ്യുത കാര്‍ കമ്പനിയില്‍ വിപണിയില്‍ മേധാവിത്വം നേടുന്നത് തടയാനും ലയനത്തോടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

പുതിയ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ടോക്കിയോ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിസാന്റെ ഓഹരിവില 20 ശതമാനം ഉയര്‍ന്നു. എന്നാല്‍ ഹോണ്ടയുടെ ഓഹരികള്‍ രണ്ട് ശതമാനത്തോളം ഇടിഞ്ഞു. മിത്‌സുബിഷിക്ക് 13 ശതമാനം നേട്ടവും ഈ വാര്‍ത്തയ്ക്ക് പിന്നാലെയുണ്ടായി.

ഹോണ്ടയും നിസാനും ചേര്‍ന്ന് 2023ല്‍ ആഗോളതലത്തില്‍ 74 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. എന്നാല്‍ ഇ.വി വാഹനങ്ങളുടെ വരവില്‍ ഇരു കമ്പനികള്‍ക്കും തിരിച്ചടിയാണ് സമീപകാലത്ത് നേരിടേണ്ടി വരുന്നത്. ചൈനീസ് ഇ.വി കാര്‍ നിര്‍മാതാക്കളായ ബി.വൈ.ഡിക്കു മുന്നില്‍ ഹോണ്ടയുടെയും നിസാന്റെയും വില്പന ഇടിയുന്നതിനും ഈ സാമ്പത്തികവര്‍ഷം സാക്ഷ്യം വഹിച്ചു.

ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ് നിസാന്‍ മോട്ടോര്‍ കോര്‍പറേഷന്‍. ഫ്രഞ്ച് വാഹന കമ്പനിയായ റെനോ അവരുടെ നിക്ഷേപം വെട്ടിക്കുറച്ചതാണ് നിസാനെ നിലയില്ലാക്കയത്തിലേക്ക് തള്ളിവിട്ടത്. ഉത്പാദനം വെട്ടിക്കുറച്ചും ജീവനക്കാരെ പിരിച്ചുവിട്ടും അതിജീവിക്കാനുള്ള നടപടികള്‍ കുറച്ചു കാലമായി കമ്പനി നടത്തുന്നുണ്ട്.പുതിയ മോഡലുകള്‍ പുറത്തിറക്കുന്നത് വൈകിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചുവെന്ന വാര്‍ത്തകളും അടുത്തിടെ പുറത്തു വന്നിരുന്നു. പ്രധാന എതിരാളികളായിരുന്ന ഹോണ്ടയുമായി കൈകോര്‍ക്കുന്നതിലൂടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാകുക നിസാന് തന്നെയാണെന്ന് വിദഗ്ധര്‍ പറയുന്നു. 1933ല്‍ സ്ഥാപിതമായ കമ്പനിയാണ് നിസാന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments