വാഷിംഗ്ടണ്‍: ഫ്‌ളോറിഡയിലെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ ടിക് ടോക്ക് സിഇഒ ഷൗ സി ച്യൂവുമായി കൂടിക്കാഴ്ച നടത്തി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് (ByteDance)ന്റെ ഉടമസ്ഥതയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം TikTok യുഎസില്‍ നിരോധനം നേരിടുന്ന സാഹചര്യത്തിലാണ് നിര്‍ണായക മീറ്റിംഗ് നടന്നത്.ചൈനീസ് ആപ്പായ ടിക്ടോക്കിന് അമേരിക്കയില്‍ പ്രവര്‍ത്തനാനുമതി ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ. ജനുവരി 19ന് മുമ്പ് ടിക്ടോക്ക് ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്കു വില്‍ക്കുകയോ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്യണം എന്നാണ് നിലവിലുള്ള നിര്‍ദ്ദേശം.
ഫെഡറല്‍ കോടതി ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനം ശരിവച്ചെങ്കിലും താത്കാലികമായെങ്കിലും തടയാനാകുമോ എന്നറിയാന്‍ അവസാനമായി ഒരു അപ്പീല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ് ബൈറ്റ്ഡാന്‍സ്.
നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തുന്നത് ടിക്ടോക്കിന് ഗുണകരമായേക്കാം എന്ന് വിലയിരുത്തലുകള്‍ ഉണ്ട്. അതിനിടെയാണ് ട്രംപുമായുള്ള മീറ്റിംഗ്. ടിക് ടോക്ക് ഏറ്റവും പ്രധാനപ്പെട്ട സംഭാഷണ പ്ലാറ്റ്ഫോമുകളിലൊന്നാണെന്നും നിരോധനം കമ്പനിക്കും ഉപയോക്താക്കള്‍ക്കും പരിഹരിക്കാനാകാത്ത ദോഷം വരുത്തുമെന്നും കമ്പനി നേരത്തെ പറഞ്ഞിരുന്നു.