വാഷിംഗ്ടൺ ഡിസി: ശ്രീ ചിന്മയ മിഷൻ്റെ സജീവ സാന്നിധ്യമായിരുന്ന ശ്യാം മേനോൻ അനുസ്മരണ ചടങ്ങ് ശ്രീ ചിന്മയ മിഷൻ വാഷിംഗ്ടൺ റീജിയണൽ സെൻ്ററിൽ സംഘടിപ്പിച്ചു. അദ്ധേഹത്തെ അനുസ്മരിച്ചും ഓർമകൾ പങ്കുവച്ചും നിരവധി ആളുകളാണ് ചടങ്ങിൽ പങ്കെടുത്തത്.
നവംബർ ഒൻപതിന് ഇരിഞ്ഞാലക്കുടയിൽ അന്തരിച്ച ശ്യാം മേനോൻ, വാഷിംഗ്ടൺ ഡി.സി.യിലെ ചിന്മയ മിഷൻ കമ്മ്യൂണിറ്റിയിൽ ഏവർക്കും പ്രിയപ്പെട്ട അംഗമായിരുന്നു. അദ്ദേഹവും ഭാര്യ രേഖാ മേനോനും മകൾ മൈഥിലി മേനോനും ഉൾപ്പെടെയുള്ള കുടുംബവും മിഷൻ്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ചിട്ടയായ ആത്മീയബോധവും കാഴ്ചപ്പാടുകളുമാണ് അദ്ധേഹത്തെ ഏവർക്കും പ്രിയങ്കരനാക്കിയത്. മികച്ച ഫോട്ടോഗ്രാഫർ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.
മകൾ മൈഥിലി മേനോൻ തൻ്റെ പിതാവിൻ്റെ ജീവിതത്തെക്കുറിച്ചും സമൂഹത്തോടും കുടുംബത്തോടും ഉള്ള സ്‌നേഹവും സേവനത്തോടുള്ള അദ്ദേഹത്തിൻ്റെ അർപ്പണബോധവും ഉയർത്തിക്കാട്ടുന്ന ഓർമ്മകൾ പങ്കുവെച്ചു. സീതാറാം കൗത, രാജ കിർകിരെ, ശ്രീകാന്ത് നല്ലാനി, രാജ് ബൊമ്മകാന്തി എന്നിവരുൾപ്പെടെയുള്ള മറ്റ് ചിന്മയ കമ്മ്യൂണിറ്റി അംഗങ്ങളും ശ്രീ മേനോനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചു.
വേദാന്ത ആചാര്യൻമാരായ ശ്രീ വിജയകുമാർജിയുടെയും ചിന്മയ സ്വാമിജിയുടെയും ഹൃദയസ്പർശിയായ സന്ദേശങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു. അവർ ശ്യാം മേനോൻ്റെ പൈതൃകത്തെക്കുറിച്ച് സംസാരിക്കുകയും അദ്ദേഹം ഉൾക്കൊണ്ട മൂല്യങ്ങൾ അനുസരിച്ച് ജീവിക്കാൻ സന്നിഹിതരായ എല്ലാവരെയും പിന്തുണക്കുകയും ചെയ്തു. ശ്യാം മേനോൻ്റെ കുടുംബത്തിൻ്റെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ നടന്ന ശ്രീ ചിന്മയ ആരതി ചടങ്ങുകൾക്ക് ഹൃദയസ്പർശിയായ സമാപനമായി. ചിന്മയ മിഷനുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധത്തിൻ്റെയും അദ്ദേഹം വളർത്തിയ സ്നേഹത്തിൻ്റെയും ഓർമ്മപ്പെടുത്തലായിരുന്നു ഈ ആദരാഞ്ജലി.
വർഷങ്ങളോളം ശ്യാം മേനോൻ്റെ ക്യാമറ ചിന്മയ മിഷൻ വാഷിംഗ്ടൺ റീജിയണൽ സെൻ്ററിൻ്റെ ഓരോ നിമിഷങ്ങളേയും പകർത്തി എടുത്തു. അദ്ദേഹത്തെ അറിയുന്ന എല്ലാവരുടെയും ഹൃദയങ്ങളിൽ നിലനിൽക്കുന്ന വിലയേറിയ ഓർമ്മകൾ കാത്തുസൂക്ഷിച്ചു. അദ്ദേഹത്തിൻ്റെ സമർപ്പണവും ഊഷ്മളതയും സേവന ബോധവും സമൂഹത്തിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഓർമ്മ വരും തലമുറകൾക്ക് പ്രചോദനമായി തുടരും.
ശ്രീ മേനോൻ്റെ ഭാര്യ രേഖ മേനോൻ, മകൾ മൈഥിലി മേനോൻ, അമ്മ അംബുജാക്ഷി.