ന്യൂഡല്‍ഹി: ഫ്രഞ്ച് അധീനതയിലുള്ള മയോട്ട ദ്വീപിനെ നിലംപരിശാക്കി 220 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ചിഡോ ചുഴലിക്കാറ്റ്. നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ ചുഴലിക്കാറ്റെന്ന് വിലയിരുത്തപ്പെടുന്ന ചിഡോ ചുഴലിക്കാറ്റില്‍ നൂറുക്കണക്കിനാളുകള്‍ മരിച്ചതായാണ് ഫ്രെഞ്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
‘ഒരു ആണവയുദ്ധം ഉണ്ടായതുപോലെയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്ന്’ ദ്വീപു നിവാസികള്‍ പറയുന്നു. അത്രയ്ക്ക് ഭീകരമായാണ് ചുഴലിക്കാറ്റ് കടന്നുപോയത്. തങ്ങള്‍ക്ക് ഇപ്പോള്‍ മൂന്ന് ദിവസമായി വെള്ളമില്ലെന്നും വിശപ്പിലും ദാഹത്തിലും വലയുകയാണ് ഇവിടുത്തെ ആളുകളെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
‘വരും ദിവസങ്ങളില്‍’ താന്‍ മയോട്ടിലേക്ക് പോകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.മാത്രമല്ല, നമ്മളെ ഓരോരുത്തരെയും നടുക്കിയ ഈ ദുരന്തത്തിന്റെ’ വെളിച്ചത്തില്‍ ഒരു ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുമെന്നും മാക്രോണ്‍ പറഞ്ഞു.
ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ നിന്ന് ഏകദേശം 8,000 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മയോട്ട ദ്വീപസമൂഹം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ ദരിദ്രരായ ആളുകള്‍ ജീവിക്കുന്നയിടമാണ്. ദ്വീപിലെ ജനങ്ങള്‍ ഫ്രഞ്ച് സാമ്പത്തിക സഹായത്തെ വളരെയധികം ആശ്രയിക്കുകയും ദാരിദ്ര്യം, തൊഴിലില്ലായ്മ, രാഷ്ട്രീയ അസ്ഥിരത എന്നിവയുമായി പൊരുതുകയും ചെയ്യുന്നവരാണ്. ജനസംഖ്യയുടെ 75% ദേശീയ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്, തൊഴിലില്ലായ്മ മൂന്നില്‍ ഒന്ന് എന്ന നിലയിലാണ്.