ന്യൂ ജേഴ്‌സി :അമേരിക്കയിലെ ന്യൂജഴ്സിയുടെ ആകാശത്ത് പതിവായി പ്രത്യക്ഷപ്പെടുന്ന നിഗൂഢ ഡ്രോണുകളെ ചൊല്ലി അഭ്യൂഹങ്ങള്‍ കനക്കുന്നു. യുഎസ് പൊലീസിന് ഇതുവരേക്കും ഇത് ആരുടെ ഡ്രോണ്‍ ആണെന്നോ ഇവയുടെ ഉറവിടം എവിടെയാണെന്നോ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ആശങ്കയേറ്റുന്നത്.
ആറു മീറ്ററോളം വ്യാസമുള്ള ഡ്രോണുകളാണ് ആകാശത്ത് വട്ടമിട്ട് പറക്കുന്നതെന്നും പലപ്പോഴും അവയുടെ ലൈറ്റുകള്‍ ഓഫാക്കിയാണ് പറക്കലെന്നും മോറിസ് കൗണ്ടിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധിയായ ഡോണ്‍ ഫന്‍റാസ്യ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. ന്യൂജഴ്സിക്ക് പുറമെ പെനിസില്‍വാനിയയിലും ഫിലദെല്‍ഫ്യയിലും ഡ്രോണ്‍ സാന്നിധ്യമുള്ളതായി ജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.പന്ത്രണ്ടിലേറെ ഡ്രോണുകളെ രാത്രി സമയത്ത് കണ്ടുവെന്നാണ് ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നത്.
യുഎസ് സൈന്യത്തിന്‍റെ ഗവേഷണ– നിര്‍മാണകേന്ദ്രത്തിന് സമീപത്തായി ഡ്രോണുകളെ കണ്ടെത്തിയതോടെ ആശങ്കയേറുന്നു . ട്രംപിന്‍റെ ബെഡ്മിനിസ്റ്ററിലുള്ള ഗോള്‍ഫ് ക്ലബിന് സമീപത്തും ഈ ദുരൂഹ ഡ്രോണുകളെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
ഉല്ലാസ, വാണിജ്യ ആവശ്യങ്ങള്‍ക്കായി ഡ്രോണുകള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ള സംസ്ഥാനമാണ് ന്യൂജഴ്സി. എന്നിരുന്നാലും ഫ്ലൈറ്റ് നിയന്ത്രണങ്ങള്‍ പാലിച്ചും ഫെഡറല്‍ വ്യോമയാന ചട്ടങ്ങള്‍ പാലിച്ചും മാത്രമേ ഡ്രോണുകള്‍ പറത്താനാകൂ. മാത്രവുമല്ല, ഡ്രോണ്‍ പറത്തുന്നതിനായി ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രത്യേക അനുമതിയും ആവശ്യമാണ്. ഡ്രോണുകള്‍ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ആവശ്യമെങ്കില്‍ സൈന്യത്തിന്‍റെ സഹായം തേടുമെന്നും ന്യൂജഴ്സി പൊലീസ് അറിയിച്ചു.
ദുരൂഹ ഡ്രോണുകള്‍ കണ്ടെത്തിയതിന് പിന്നാലെ ഡ്രോണ്‍ പറത്തുന്നത് വിലക്കി ഗവര്‍ണര്‍ ഫില്‍ മര്‍ഫി ഉത്തരവിറക്കിയിരുന്നു.വീടുകള്‍ക്കും റിസര്‍വോയറുകള്‍ക്കും സൈനിക കേന്ദ്രത്തിനും മുകളിലൂടെ ഡ്രോണ്‍ പറത്തിയവര്‍ ആരായാലും നിസാരക്കാരാവില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. എവിടെ നിന്നാണ് ഡ്രോണുകള്‍ സഞ്ചാരം തുടങ്ങുന്നതെന്നോ എവിടേക്കാണ് ഇവ മടങ്ങിപ്പോകുന്നതെന്നോ പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതും ആശങ്കയേറ്റുന്നു. പ്രതിരോധ മന്ത്രാലയത്തിന് മാത്രമേ നിലവിലെ ആശങ്ക പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും അവരുടെ പക്കല്‍ മാത്രമേ അത്രയും നൂതനമായ നിരീക്ഷണ സംവിധാനമുള്ളൂവെന്നും എത്രയും വേഗം സഹായം അഭ്യര്‍ഥിക്കണമെന്നുമാണ് സെനറ്ററായ ജോണ്‍ ബ്രാംനിക് ആവശ്യപ്പെടുന്നത്.
ഡ്രോണുകള്‍ക്ക് പിന്നില്‍ ഏതെങ്കിലും വ്യക്തിയോ ഗ്രൂപ്പുകളോ ഉണ്ടോയെന്ന് കണ്ടെത്താന്‍ എഫ്ബിഐയ്ക്കും കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാണെന്നാണ് എഫ്ബിഐ വക്താവിന്‍റെ പ്രതികരണം. ജനങ്ങള്‍ ആശങ്കപ്പെടാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസിന്‍റെ ഹെലികോപ്ടര്‍ പറക്കുന്നതിന്‍റെ താഴെ കൂടെ ഡ്രോണ്‍ പറന്നിരുന്നുവെന്നും പക്ഷേ പെട്ടെന്ന് തന്നെ ലൈറ്റുകള്‍ അണഞ്ഞതിനാല്‍ കൂടുതല്‍ തിരച്ചില്‍ നടത്താനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡ്രോണുകള്‍ യുഎസ് സൈന്യത്തിന്‍റേതല്ലെന്നും മറ്റ് രാജ്യങ്ങളുടേതാണെന്ന് കരുതുന്നില്ലെന്നുമായിരുന്നു പെന്‍റഗണിന്‍റെ പ്രതികരണം. സ്ഥിതിഗതികള്‍ വീക്ഷിക്കുകയാണെന്നും നടപടിയുണ്ടാകുമെന്നും പെന്‍റഗണ്‍ വ്യക്തമാക്കി. അതേസമയം, നിഗൂഢ ഡ്രോണുകള്‍ ഇറാന്‍ കപ്പലില്‍ നിന്ന് വന്നതാണെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രചാരണത്തെ പെന്‍റഗണ്‍ തള്ളിയിട്ടുണ്ട്.