വാഷിംഗ്ടൺ : കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെയും കാനഡയെയും വീണ്ടും പരിഹസിച്ച് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ‘കാനഡയുടെ ഗവർണർ’ എന്നാണ് ട്രംപ് ട്രൂഡോയെ വിശേഷിപ്പിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിന്റെ പരിഹാസം.
നേരത്തെയും ട്രംപ് ട്രൂഡോയെ പരിഹസിച്ചിരുന്നു.കാനഡയിൽ നിന്നും യുഎസിലേക്കുള്ള അനധികൃത കുടിയേറ്റത്തെ കുറിച്ചും ട്രംപ് വിമർശിച്ചു. കാനഡ യുഎസിലേക്ക് അനധികൃതമായി നിരോധിത മയക്കുമരുന്നുകൾ കടത്തുന്നതായും കുറ്റകൃത്യങ്ങൾ തടയാൻ നടപടി എടുത്തില്ലെങ്കിൽ കാനഡയ്ക്ക് മേൽ 25 ശതമാനം തീരുവ ചുമത്തുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു .
25 ശതമാനം തീരുവ ചുമത്തുമെന്ന അമേരിക്കയുടെ മുന്നറിയിപ്പ് ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ആഴ്ച കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അധിക തീരുവ ചുമത്തിയാൽ അത് കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് ട്രൂഡോ ട്രംപിനെ അറിയിച്ചു. എങ്കിൽ കാനഡയെ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 51-മത്തെ സംസ്ഥാനം ആക്കാം എന്നായിരുന്നു ഡൊണാൾഡ് ട്രംപ് ഇതിന് മറുപടി നൽകിയത്.