Monday, December 23, 2024
HomeAmericaചരിത്രം കുറിച്ച് ഇലോണ്‍ മസ്‌ക് ; 400 ബില്യണ്‍ ഡോളര്‍ സമ്പത്ത് കടക്കുന്ന ആദ്യ വ്യക്തി

ചരിത്രം കുറിച്ച് ഇലോണ്‍ മസ്‌ക് ; 400 ബില്യണ്‍ ഡോളര്‍ സമ്പത്ത് കടക്കുന്ന ആദ്യ വ്യക്തി

വാഷിംഗ്ടണ്‍ : ഒടുവില്‍ ആ നേട്ടവും ഇലോണ്‍ മസ്‌ക് തന്നെ സ്വന്തമാക്കി. 400 ബില്യണ്‍ ഡോളര്‍ സമ്പത്ത് കടക്കുന്ന ലോകത്തിലെ ആദ്യ വ്യക്തിയായി സ്പേസ് എക്സിന്റെ സ്ഥാപകനും ടെസ്ലയുടെ സിഇഒയുമായ എലോണ്‍ മസ്‌ക് മാറി. ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് പ്രകാരമുള്ള റിപ്പോര്‍ട്ടിലാണ് ഡോണള്‍ഡ് ട്രംപിന്റെ അടുപ്പക്കാരനായ മസ്‌ക് ചരിത്ര നേട്ടം കൈവരിച്ചത്. നിലവില്‍ മസ്‌കിന്റെ ആസ്തി 447 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നിരിക്കുന്നത്.

യുഎസ് പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് മസ്കിന്‍റെ സമ്പത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായത്. മസ്കിന്‍റെ സ്വകാര്യ ബഹിരാകാശ സ്ഥാപനമായ സ്പേസ് എക്സിന്‍റെ ഓഹരികളില്‍ നിന്ന് മാത്രം 50 ബില്യണ്‍ ഡോളറിന്‍റെ ആസ്തി വര്‍ധനവാണ് മസ്കിനുണ്ടായത്. ടെസ്​ലയുടെ ഓഹരികളും എക്കാലത്തെയും ഉയര്‍ന്ന വിലയിലായതോടെ മസ്കിന്‍റെ ആസ്തി 447 ബില്യണ്‍ ഡോളറായി ഉയരുകയായിരുന്നു.ഒറ്റദിവസം കൊണ്ട് മാത്രം 62.8 ബില്യന്‍ ഡോളറിന്‍റെ വര്‍ധനവ് നേടിയ സമ്പന്നനെന്ന റെക്കോര്‍ഡും മസ്കിന് സ്വന്തം. ഒപ്പം ലോകത്തെ 500 അതിസമ്പന്നന്‍മാരുടെ സംയോജിത ആസ്തി 10 ട്രില്യണിലേറെ വര്‍ധിക്കുന്നതിനും മസ്കിന്‍റെ കുതിപ്പ് സഹായിച്ചുവെന്ന് കണക്കുകള്‍ പറയുന്നു.

ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയായ ജെഫ് ബെസോസിനേക്കാള്‍ 140 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി.ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം സ്പേസ് എക്സില്‍ അടുത്തിടെ നടന്ന ഒരു ഇന്‍സൈഡര്‍ ഷെയര്‍ വില്‍പനയാണ് മസ്‌കിന്റെ ആസ്തി വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഈ ഇടപാട് അദ്ദേഹത്തിന്റെ സമ്പത്തില്‍ ഏകദേശം 50 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ സ്പേസ് എക്സിന്റെ ആകെ മൂല്യം ഏകദേശം 350 ബില്യണ്‍ ഡോളറായി. ഈ നേട്ടം, ലോകത്തിലെ ഏറ്റവും മൂല്യവത്തായ സ്വകാര്യ കമ്പനിയെന്ന നിലയിലേക്ക് സ്‌പേസ് എക്‌സിനെ വളര്‍ത്തി.

നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വിജയത്തിനുശേഷം, ടെസ്ലയുടെ ഓഹരികള്‍ ഏകദേശം 65% വര്‍ദ്ധിച്ചതായും ഇത് മസ്‌കിന്റെ ആസ്തിയിലേക്ക് ശതകോടികള്‍ ചേര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, സ്പേസ് എക്സിലും ടെസ്ലയിലും ഒതുങ്ങുന്നതല്ല മസ്‌കിന്റെ സമ്പത്ത് .അദ്ദേഹത്തിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എസ്‌ക് എഐയുടെ മൂല്യവും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. അത്യാധുനിക എഐ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനും ലോകമെമ്പാടുമുള്ള നിക്ഷേപകരില്‍ നിന്ന് ശ്രദ്ധ ആകര്‍ഷിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

ജര്‍മനി, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദന (GDP) ത്തോളമാണ്  ഈ സംയോജിത ആസ്തിയെന്നും കണക്ക് വ്യക്തമാക്കുന്നു. 218 ബില്യണ്‍ യുഎസ് ഡോളറാണ് ഈ വര്‍ഷം മാത്രം മസ്ക് സ്വന്തം സ്വത്തില്‍ ഇതുവരെ കൂട്ടിച്ചേര്‍ത്തത്. മറ്റൊരു ധനാഢ്യനും ഈ നേട്ടം കൈവരിക്കാനായിട്ടില്ല. 2021ലെ റെക്കോര്‍ഡ് നേട്ടത്തിന് ശേഷം ടെസ്​ലയുടെ ഓഹരികള്‍ ഇതാദ്യമായി 71 ശതമാനം നേട്ടമുണ്ടാക്കിയതോടെയാണ് മസ്കിന്‍റെ തലവര ഒന്നുകൂടി തെളിഞ്ഞത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments