പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള മരലാഗോ റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള ആഡംബര ബംഗ്ലാവ് സ്വന്തമാക്കാന്‍ ഇലോണ്‍ മസ്‌ക് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ബ്യൂട്ടി ബ്രാന്‍ഡുകളായ ആര്‍ഡെല്‍, മാട്രിക്‌സ് എസന്‍ഷ്യല്‍സ് തുടങ്ങിയവയുടെ ഉടമയായ അന്തരിച്ച സിഡല്‍ മില്ലറുടെ ഉടമസ്ഥതയിലുള്ള ആഢംബര ബംഗ്ലാവ് വാങ്ങാനാണ് മസ്‌ക് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള 10 കോടി ഡോളര്‍ (ഏകദേശം 848.03 കോടി രൂപ) വിലയുള്ള പെന്റ്ഹൗസാണിത്. 25 നിലയില്‍ വാട്ടര്‍ ഫ്രണ്ടേജോടുകൂടിയ 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കൂറ്റന്‍ കെട്ടിടം. സ്പാ, ഫിറ്റ്‌നസ് സെന്‍ഡര്‍, പൂള്‍ എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത സൗകര്യങ്ങളും ആഡംബരങ്ങളും ഇതിനുള്ളിലുണ്ട്.
ട്രംപിന്റെ മരലാഗോ റിസോര്‍ട്ട് മസ്‌കിന്റെ ഇഷ്ട കേന്ദ്രമാണ്. നിരവധി തവണ അദ്ദേഹം ഇവിടെ സമയം ചിലവഴിക്കാനായി എത്തിയിരുന്നു. അവധി ദിവസങ്ങളില്‍ തന്റെ മക്കളോടൊപ്പവും മസ്‌ക് ഇവിടെ വരാറുണ്ട്. ‘ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി’ (DOGE) ഏജന്‍സിയുടെ തലപ്പത്തേക്ക് ഇലോണ്‍ മസ്‌കിനെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുത്തിരുന്നു എന്നതും ശ്രദ്ധേയമാണ്.