Monday, December 23, 2024
HomeIndiaഭർത്താവിന്റെ കടം വീട്ടാൻ 30 ദിവസം പ്രായം ഉള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു; അമ്മയുൾപ്പെടെ...

ഭർത്താവിന്റെ കടം വീട്ടാൻ 30 ദിവസം പ്രായം ഉള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു; അമ്മയുൾപ്പെടെ നാലുപേർ അറസ്റ്റിൽ

ബെം​ഗളൂരു: ഭർത്താവിന്റെ വായ്പകൾ അടച്ചുതീർക്കുന്നതിനായി നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബെം​ഗളൂരുവിലെ രാമ​ന​ഗരയിലാണ് സംഭവം. കുട്ടിയെ വിൽക്കാൻ സഹായിച്ച രണ്ടുപേരെയും കുട്ടിയെ വാങ്ങിയ ആളെയും പോലീസ് അറസ്റ്റ് ചെയ്തു. 30 ദിവസം മാത്രം പ്രായമായ ആൺകുട്ടിയെയാണ് വിൽക്കാൻ ശ്രമിച്ചത്. കുഞ്ഞിനെ രക്ഷപ്പെടുത്തി മാണ്ഡ്യയിലെ ചൈൽഡ് വെൽഫെയർ ഹോമിലേക്ക് മാറ്റി.

ഡിസംബർ ഏഴിന് യുവതിയുടെ ഭർത്താവാണ് കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയത്. തന്റെ ഭാര്യക്ക് കൃത്യത്തിൽ പങ്കുള്ളതായി സംശയമുണ്ടെന്നും യുവാവ് പോലീസിനോട് പറഞ്ഞു. ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരാണ് ദമ്പതികൾ. മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയും ജീവിത ചെലവുകളും തള്ളി നീക്കുന്നതിൽ പ്രയാസം നേരിട്ടതോടെ നവജാതശിശുവിനെ വിൽക്കാമെന്ന് യുവതി ഭർത്താവിനോട് പറയുകയായിരുന്നു. എന്നാൽ ഭർത്താവ് യുവതിയെ പിന്തിരിപ്പിച്ചു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം യുവാവ് ജോലിക്ക് കഴിഞ്ഞു വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കുഞ്ഞിനെ വീട്ടിൽ കണ്ടില്ല. സുഖമില്ലാത്തതിനാൽ ഡോക്ടറിനെ കാണിക്കുന്നതിനായി ബന്ധുവിനൊപ്പം കുഞ്ഞിനെ കൊടുത്തുവിട്ടതായി യുവതി പറഞ്ഞു. പിറ്റേന്ന് രാവിലെ ജോലിക്ക് പോയി മടങ്ങിയെത്തിയപ്പോഴും കുഞ്ഞിനെ വീട്ടിൽ കണ്ടില്ല. തലേദിവസം പറഞ്ഞ കാര്യങ്ങൾ വീണ്ടും ആവർത്തിച്ചതോടെ സംശയം തോന്നിയ യുവാവ് പിറ്റേന്ന് രാവിലെ പോലീസിൽ പരാതി നൽകുകയായിരുന്നു.

വനിത പോലീസ് യുവതിയെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴും കുട്ടി ബന്ധുവിനൊപ്പമാണെന്നായിരുന്നു യുവതിയുടെ മറുപടി. കൂടുതൽ ചോദ്യം ചെയ്യലിനൊടുവിലാണ് കുഞ്ഞിനെ ബെം​ഗളൂരുവിലെ യുവതിക്ക് ഒന്നരലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് മൊഴി നൽകിയത്. ഉടനെ പോലീസ് ബെം​ഗളൂരുവിലെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. കുട്ടിയുടെ അമ്മയെയും കുഞ്ഞിനെ വാങ്ങിയ യുവതിയെയും രണ്ടു സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments