മക്ലീൻ, വിഎ : കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിംഗ്ടണിൻ്റെ നേതൃത്വത്തിൽ (കെസിഎസ്) വിർജീനിയയിലെ ലാംഗ്‌ലി ഹൈസ്‌കൂളിൽ ക്രിസ്‌മസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. പാട്ടുപാടിയും നൃത്തച്ചുവടുകളുമായി ക്രിസ്മസ് ആഘോഷത്തെ ഏവരും ഹൃദ്യമാക്കി.
യുഎസ് ദേശീയ ഗാനത്തോടെയാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്. കെ സി എസ് പ്രസിഡൻ്റ് സുരേഷ് നായർ സ്വാഗത പ്രസംഗം നടത്തി. ആകർഷകമായ നേറ്റിവിറ്റി ടേബിൾ – എയ്ഞ്ചൽ ഡാൻസ്, സാന്താക്ലോസ് ഘോഷയാത്ര എന്നിവ പരിപാടിയെ ശ്രദ്ധേയമാക്കി. വർണ വൈവിധ്യമായ നൃത്തപരിപാടികൾ ഏവരുടേയും കൈയടി നേടി. പ്രൗഢ ഗംഭീരമായ സദസ് പരിപാടികൾക്ക് മാറ്റുകൂട്ടി. ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കളരി അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.
പ്രസിഡണ്ട് സുരേഷ് നായർ കെസിഎസിനെ പിന്തുണച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. സംഘടനയുടെ നേട്ടങ്ങൾ എടുത്തുപറയുകയും പരിപാടികളുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച കെസിഎസ് നേതാക്കൾ, കമ്മ്യൂണിറ്റി അംഗങ്ങൾ, സ്പോൺസർമാർ എന്നിവർക്ക് പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.
പ്രസിഡണ്ട്-ഇലക്റ്റ് അനീഷ് സെനോൻ 2024-ലെ കെസിഎസ് ടീമിൻ്റെ സേവനങ്ങളെ അഭിനന്ദിച്ചു. മാതൃകാപരമായ പ്രവർത്തനമാണ് അവർ നടത്തി വരുന്നത്. മെൻസ് ഹെൽത്ത് ക്ലബ്, അഡൾട്ട് യൂത്ത് ക്ലബ് തുടങ്ങിയ സംരംഭങ്ങൾ, തൊഴിൽ മേളകൾ പോലുള്ള പരിപാടികളിലൂടെ മലയാളി സംരംഭകരെയും തൊഴിലാളികളെയും ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടികൾ എന്നിങ്ങനെ 2025-ലേക്കുള്ള തൻ്റെ പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു.
വൈസ് പ്രസിഡൻ്റ് തോമസ് മാത്യു, സെക്രട്ടറി സീന ടിജോ, ട്രഷറർ ബിന്ദു രാജീവ്, ജോയിൻ്റ്-സെക്രട്ടറി അർച്ചന സന്ദീപ്, ജോയിൻ്റ്-ട്രഷറർ സുജിത്ത് കുമാർ എന്നിവരടങ്ങുന്ന 2025-ലെ കെസിഎസ് എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. 2026-ലെ പ്രസിഡൻ്റായി ഷെല്ലി പ്രഭാകരനെ തിരഞ്ഞെടുത്തു.
കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം ചിത്രങ്ങൾ പകർത്താനായി ഒരുക്കിയ 360-ഡിഗ്രി ഫോട്ടോ ബൂത്ത് ആകർഷകമായിരുന്നു. നന്ദി പ്രകാശനത്തോടും ഇന്ത്യൻ ദേശീയ ഗാനത്തോടും കൂടി ആഘോഷം സമാപിച്ചു. വിഭവസമൃദ്ധമായ കേരളാ ശൈലിയിലുള്ള വിരുന്നും ഡിജെ പാർട്ടിയും ഒരുക്കിയിരുന്നു.
വാഷിംഗ്ടൺ ഡിസി മെട്രോപൊളിറ്റൻ ഏരിയയിലെ മലയാളി സമൂഹത്തിനിടയിൽ സാംസ്കാരിക അഭിമാനവും ഐക്യവും വളർത്തിയെടുക്കുന്നതിനുള്ള കെസിഎസിൻ്റെ പ്രതിബദ്ധതയുടെ അടയാളം കൂടിയായിരുന്നു ഈ ആഘോഷരാവ്.