ഫ്ലോറിഡ: സ്വകാര്യ ബഹിരാകാശ യാത്രാ രംഗത്ത് ചരിത്രം കുറിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇലോൺ മസ്കിന്റെ ബഹിരാകാശകമ്പനിയായ സ്‌പേസ് എക്‌സിന്റെ പൊളാരിസ് ഡോണ്‍ വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിലെ ലോഞ്ച് കോംപ്ലക്സ് 39എയില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലൂടെയായിരുന്നു വിക്ഷേപണം. 1972 ൽ അവസാനിപ്പിച്ച നാസയുടെ അപ്പോളോ ദൗത്യത്തിനു ശേഷം ഭൂമിയിൽ നിന്ന് ഏറ്റവും അകലേക്കുള്ള ബഹിരാകാശ യാത്രയാണിത്.
വ്യവസായി ജാെറഡ് ഐസാക്മാന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പേടകത്തിലുള്ളത്. അദ്ദേഹം തന്നെയാണ് പദ്ധതിക്കുള്ള സഹായധനം നൽകുന്നതും. യുഎസ് വ്യോമസേനയില്‍ നിന്ന് വിരമിച്ച ലഫ്. കേണല്‍ സ്‌കോട്ട് കിഡ് പൊറ്റീറ്റ് ആണ് ദൗത്യത്തിലെ പൈലറ്റ്. സ്‌പെയ്‌സ് എക്സിലെ എൻജിനിയർമാരായ അന്ന മേനോൻ, സാറാ ഗില്ലിസ് എന്നിവരാണ് മറ്റംഗങ്ങൾ.
ആറു ദിവസം നീണ്ടു നിൽക്കുന്ന ദൗത്യത്തിന്റെ മൂന്നാം ദിനമായ വ്യാഴാഴ്ച ഐസക്മാനും സാറയുമാണ് ബഹിരാകാശത്തുനടക്കുക. പ്രൊഫഷണലുകളല്ലാത്ത യാത്രികർ ബഹിരാകാശത്ത് നടക്കുന്നത് ഇതാദ്യമായാണ്. ഭൂമിയിൽ നിന്ന് 1367 കിലോമീറ്റർ അകലെ, ദീർഘവൃത്താകൃതിയിലുള്ള ഉയർന്നഭ്രമണപഥത്തിലായിരിക്കും ക്രൂഡ്രാഗണിന്റെ സഞ്ചാരം. താഴ്ന്ന ഭൂഗുരുത്വത്തിൽ മനുഷ്യശരീരം എങ്ങനെ പ്രതികരിക്കും പേടകത്തിലെത്തുന്ന വികിരണങ്ങളുടെ തോത് കണക്കാക്കൽ തുടങ്ങി, ഉയർന്നഭ്രമണപഥത്തിൽ അഞ്ചുദിവസമെടുത്ത് നാല്പതോളം ഗവേഷണങ്ങൾ യാത്രികർ നടത്തും.
സ്‌പെയ്‌സ് എക്സിന്റെ തന്നെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വഴിയാണ് പൊളാരിസ് ഭൂമിയുമായി ആശയവിനിമയം നടത്തുക. മൂന്നുഘട്ടമായി ആസൂത്രണം ചെയ്തിരിക്കുന്ന പൊളാരിസിന്റെ ആദ്യദൗത്യമാണ് പൊളാരിസ് ഡോൺ. ഐസക്മാന്റെ രണ്ടാം ബഹിരാകാശയാത്രയാണിത്. 2021-ലായിരുന്നു ആദ്യത്തേത്.അന്നയുടെ ഭർത്താവ് ഇന്ത്യൻ വംശജനും യുഎസ് വ്യോമസേനയിൽ പൈലറ്റുമായ അനിൽ മേനോനാണ്. വർഷങ്ങൾക്കുമുൻപ് കേരളത്തിൽ നിന്ന് യു.എസിലേക്ക് കുടിയേറിയതാണ് അനിലിന്റെ അച്ഛൻ. അമ്മ യുക്രൈൻ സ്വദേശിനിയാണ്.