തെഹ്‌റാന്‍: സിറിയയുടെ പൂര്‍ണ നിയന്ത്രണം വിമതരുടെ കയ്യിലായതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ വിമാനം വെടിവെച്ചിട്ടതായി അഭ്യൂഹം. വിമതര്‍ ദമാസ്‌കസ് പിടിച്ചെടുക്കുന്നതിന് മുന്‍പ് അല്‍ അസദ് ഐ.എല്‍ -76 എയര്‍ക്രാഫ്റ്റില്‍ രക്ഷപെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
വിമാന സ്പോട്ടിങ് സൈറ്റായ ഫ്ലൈറ്റ് റഡാർ 24ൽ നിന്നുള്ള വിവരങ്ങൾ പ്രകാരം സിറിയൻ എയർ വിമാനക്കമ്പനിയുടെ ഇല്യൂഷിൻ 2–76ടി എന്ന വിമാനം ഡമാസ്കസ് വിമാനത്താവളത്തിൽനിന്നു പറന്നുയരുന്നതും പിന്നീട് സിറിയയുടെ തീരമേഖലയിലേക്കു നീങ്ങുന്നതും കാണാം. ലറ്റാക്കിയയിലേക്കായിരുന്നു വിമാനത്തിന്റെ പോക്കെന്നായിരുന്നു അനുമാനം. എന്നാൽ പെട്ടെന്ന് ഈ വിമാനം യാത്ര എതിർദിശയിലേക്കു മാറ്റി. മിനിറ്റുകൾക്കുള്ളിൽ ഹോംസ് നഗരത്തിനു സമീപം റഡാറിൽനിന്ന് വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു.
റഡാറില്‍ നിന്ന് അപ്രത്യക്ഷമായ വിമാനം 3,650 മീറ്ററിലധികം ഉയരത്തില്‍ സഞ്ചരിച്ച ശേഷം ലെബനീസ് അക്കറിന് സമീപമുള്ള ലെബനീസ് വ്യോമാതിര്‍ത്തിക്ക് പുറത്ത് വച്ച് താഴേക്ക് പതിച്ചതായി ഓപ്പണ്‍ സോഴ്‌സ് ഫ്‌ലൈറ്റ് ട്രാക്കേഴ്‌സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പറയുന്നു. . വിമാനം വെടിവെച്ചിട്ടതാകാമെന്ന് സംശയിക്കപ്പെടുന്നു. എഞ്ചിന്‍ തകറിലായതാണെന്ന് മറ്റൊരു വാദവുമുണ്ട്.