ദുബായ് : യുഎഇ–ഇന്ത്യ യാത്രയ്ക്കുള്ള വർധിച്ച ടിക്കറ്റ് നിരക്കിൽ നിന്ന് രക്ഷപ്പെടാൻ ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാന സർവീസ് നടത്തണമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുന്നാസർ അൽ ഷാലി. ഇന്നലെ(വെള്ളി) ഡിഐഎഫ്‌സിയിൽ നടന്ന യുഎഇ-ഇന്ത്യ ഫൗണ്ടേഴ്‌സ് റിട്രീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഗതാഗത സംവിധാനങ്ങൾ ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇന്ത്യയിലെ വിവിധ മേഖലകളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
വിമാനനിരക്ക് കുത്തനെ വർധിച്ചു. ഡിമാൻഡ് വളരെ കൂടുതലാണ്. കൂടുതൽ വിമാനങ്ങളും സീറ്റ് ശേഷിയും ആവശ്യമാണ്. അല്ലാത്തപക്ഷം ടിക്കറ്റ് നിരക്ക് ഉയരുന്നത് തുടരും.
ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസുകൾ വർധിപ്പിക്കാനും കൂടുതൽ ടയർ 2 ഇന്ത്യൻ നഗരങ്ങളെ യുഎഇയുമായി ബന്ധിപ്പിക്കാനുമുള്ള ആശയം സമ്മേളനത്തിൽ താൻ മുന്നോട്ടുവച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർ അവരുടെ സ്വന്തം പട്ടണത്തിനടുത്തുള്ള വിമാനത്താവളങ്ങളിലേയ്ക്ക് പറക്കാനാണ് ഇഷ്ടപ്പെടുന്നത്. അതിനാലാണ് ഫ്ലൈറ്റ് ഓപ്ഷനുകൾ വികസിപ്പിക്കുന്നത് നിർണായകമായത്. ഇത് വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ബിസിനസ് അവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.