വാഷിംഗ്ടണ്‍: മകന്‍ ഹണ്ടര്‍ ബൈഡന് മാപ്പ് നല്‍കിയതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ന്യായീകരിച്ച് പ്രസിഡന്റിന്റെ വക്താവ് കരീന്‍ ജീന്‍ പിയറി.സാഹചര്യങ്ങള്‍ മാറിയെന്നു വിശദീകരിച്ച ജീന്‍ പിയറി ഹണ്ടറും കുടുംബവും വേണ്ടത്ര അനുഭവിച്ചതായി പ്രസിഡന്റിന് തോന്നിയെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് മനസ്സ് മാറ്റുകയും മകന് മാപ്പ് നല്‍കിയതെന്നും കൂട്ടിച്ചേര്‍ത്തു.
മാപ്പു നല്‍കിയതിന് ശേഷം ആദ്യമായി വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു ജീന്‍ പിയറി.ബൈഡന്‍ തന്റെ മകന് മാപ്പ് നല്‍കില്ലെന്ന് മുമ്പ് പല തവണ ബൈഡന്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ട്രംപ് അധികാരത്തിലേറാന്‍ കാത്തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മകനെ വിവിധ കേസുകളിലെ ശിക്ഷയില്‍ നിന്നും ബൈഡന്‍ ഒഴിവാക്കിയത്. തുടര്‍ന്ന് നിരവധി ചോദ്യങ്ങളാണ് ബൈഡന് നേരിടേണ്ടി വന്നത്.
വാര്‍ത്താ സമ്മേളനത്തിനിടെ അമേരിക്കക്കാരോട് മാപ്പ് പറയണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ജീന്‍ പിയറിയുടെ മറുപടി. ജൂലൈയില്‍, ബൈഡന്‍ തന്റെ മകനോട് ക്ഷമിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ‘ഇല്ല, ഒരിക്കലുമില്ല’ എന്ന് ജീന്‍ പിയറി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഡിസംബര്‍ 1 ന് ബൈഡന്‍ ഹണ്ടറിന് മാപ്പ് നല്‍കിയതു മുതല്‍, രൂക്ഷ വിമര്‍ശനമാണ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടിയും നേരിടുന്നത്.