വാഷിങ്ങ്ടൺ : അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ അഭിമാനദൗത്യമായ ആർട്ടെമിസ് ഇനിയും വൈകും. യാത്രികരെ വഹിക്കാനുള്ള ഓറിയോൺ പേടകം സാങ്കേതികത്തകരാർ നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം.ബഹിരാകാശയാത്രികരെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ‘ആർട്ടെമിസ്-2’, 2026 ഏപ്രിലിലേക്ക് നീട്ടിയതായി നാസ അറിയിച്ചു. 2025 സെപ്റ്റംബറിലാണ് നേരത്തെ നിശ്ചയിച്ചിരുന്ന തീയതി. യാത്രികരെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറക്കാൻ ലക്ഷ്യമിട്ടുള്ള ‘ആർട്ടെമിസ്-3’ 2027 പാതിയോടെയേ ഉണ്ടാവുകയുള്ളൂ എന്നാണ് സൂചന നൽകുന്നത് .
2026-ഓടെ മനുഷ്യരെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറക്കുകയായിരുന്നു മൂന്നുഘട്ടമായി വിഭാവനം ചെയ്ത ആർട്ടെമിസിന്റെ ലക്ഷ്യം. 2022 നവംബറിലാണ് ചന്ദ്രനിലേക്കുള്ള ‘ആർട്ടെമിസ്-1’ ആളില്ലാദൗത്യം വിജയകരമായി വിക്ഷേപിച്ചത്. 25 ദിവസത്തെ ദൗത്യത്തിനുശേഷം
2022 ഡിസംബറിൽ ഓറിയോൺ പേടകം ശാന്തസമുദ്രത്തിൽ ഇറങ്ങിയിരുന്നു. അന്നു മടക്കയാത്രയ്ക്കിടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചപ്പോൾ ഓറിയോൺ പേടകത്തിന്റെ ഹീറ്റ് ഷീൽഡ് കത്തിപ്പോയി. ഇത് പരിഹരിക്കാൻ കാലതാമസം നേരിടുന്നതാണ് ഇപ്പോഴത്തെ പ്രശ്നം.