പാരീസ് : രാഷ്ട്രീയ പ്രതിസന്ധിയില്‍ തളര്‍ന്നിരിക്കുന്ന ഫ്രാന്‍സില്‍ അധികാര കസേരയില്‍ നിന്നും പിടിവിടില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. സ്ഥാനം ഒഴിയണമെന്ന പ്രതിപക്ഷത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദം നിരസിക്കുകയും പുതിയ പ്രധാനമന്ത്രിയെ വൈകാതെ പ്രഖ്യാപിക്കുമെന്നും മാക്രോണ്‍ വ്യക്തമാക്കി.
ചരിത്രപരമായ അവിശ്വാസ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി മിഷേല്‍ ബാര്‍ന്യേയുടെ സര്‍ക്കാര്‍ പുറത്താക്കപ്പെട്ട് 24 മണിക്കൂറിന് ശേഷം, വ്യാഴാഴ്ചയാണ് മാക്രോണ്‍ രാജ്യത്തെ അഭിസംബോധന ചെയ്തത്. ഫ്രാന്‍സിന്റെ ദുരിതങ്ങള്‍ക്ക് ഇടതുപക്ഷത്തിന്റെയും തീവ്ര വലതുപക്ഷത്തിന്റെയും ‘റിപ്പബ്ലിക്കന്‍ വിരുദ്ധ മുന്നണി’യെ കുറ്റപ്പെടുത്തുകയും ചെയ്തു അദ്ദേഹം.”വരും ദിവസങ്ങളില്‍ ഞാന്‍ ഒരു പ്രധാനമന്ത്രിയെ നിയമിക്കും. പൊതുജന താല്‍പര്യം കണക്കിലെടുത്തുള്ള സര്‍ക്കാര്‍ രൂപീകരിക്കുകയാകും അദ്ദേഹത്തിന്റെ ദൗത്യം. ബജറ്റ് പാസാക്കുന്നതിന് മുന്‍ഗണന നല്‍കും. ക്രിസ്മസ് അവധിക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബജറ്റിനെയും സര്‍ക്കാരിനെയും അട്ടിമറിക്കാന്‍ മനപ്പൂര്‍വം ചിലര്‍ ഇടപെട്ടു. പുതിയ സര്‍ക്കാര്‍ നിലവില്‍ വരും വരെ ബാര്‍ന്യേയും അദ്ദേഹത്തിന്റെ മന്ത്രിമാരും ചുമതലകളില്‍ തുടരും.” മാക്രോണ്‍ പറഞ്ഞു.
ബജറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് പ്രധാനമന്ത്രി മിഷെല്‍ ബാര്‍ന്യോയ്‌ക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഇടതുപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന പ്രമേയത്തെ തീവ്ര വലതുപക്ഷ നാഷനല്‍ റാലി (ആര്‍എന്‍) പിന്തുണച്ചു. ഇതോടെ ബാര്‍ന്യേ രാജിവെച്ചു. സമകാലീന ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയായി അദ്ദേഹം മാറി. മൂന്നു മാസത്തില്‍ താഴെ മാത്രമാണ് മിഷേല്‍ ബാര്‍ന്യേ പ്രധാനമന്ത്രി പദത്തിലിരുന്നത്. 1962നു ശേഷം ഫ്രാന്‍സില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുന്നത്.