സൂറിച്ച് (സ്വിറ്റ്‌സര്‍ലന്‍ഡ്): ലോകത്തിലെ ശതകോടീശ്വരന്മാരുടെ കൈവശമുള്ള സമ്പത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17% വര്‍ദ്ധിച്ചുവെന്നും അമേരിക്കയിലെ അതിസമ്പന്നര്‍ക്കിടയില്‍ ഗണ്യമായ നേട്ടം വൈകരിച്ചെന്നും സ്വിസ് ബാങ്ക് യുബിഎസ് വ്യാഴാഴ്ച പറഞ്ഞു.2024-ലെ യു.ബി.എസ് ബില്യണയര്‍ ആംബിഷന്‍സ് റിപ്പോര്‍ട്ട് പ്രകാരം മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം ഒരു വര്‍ഷം മുമ്പ് 2,544 ആയിരുന്നത് 2,682 ആയി ഉയര്‍ന്നു. അവരുടെ ആസ്തി 12 ട്രില്യണ്‍ ഡോളറില്‍ നിന്ന് 14 ട്രില്യണ്‍ ഡോളറായും ഉയര്‍ന്നിട്ടുണ്ട്. 2015ല്‍ അവരുടെ ആകെ സമ്പത്ത് 6.3 ട്രില്യണ്‍ ഡോളറായിരുന്നുവെന്നും സ്വിസ് ബാങ്ക് യുബിഎസ് ചൂണ്ടിക്കാട്ടി.
ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് കഴിഞ്ഞ ദശകത്തില്‍ 121 ശതമാനം ഉയര്‍ന്ന് 14 ട്രില്യണ്‍ ഡോളറിലെത്തിയെന്നും ടെക് ശതകോടീശ്വരന്മാരുടെ ഖജനാവ് അതിവേഗം നിറയുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.‘വലിയ സമ്പത്തിന്റെ വളര്‍ച്ചയും നിക്ഷേപവും, അത് എങ്ങനെ ഭാവി തലമുറകള്‍ക്കായി സംരക്ഷിക്കപ്പെടുകയും സമൂഹത്തില്‍ നല്ല സ്വാധീനം ചെലുത്തുകയും ചെയ്യുന്നു’ എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുവെന്നും യുബിഎസ് ഗ്ലോബല്‍ വെല്‍ത്ത് മാനേജ്മെന്റിലെ സ്ട്രാറ്റജിക് ക്ലയന്റുകളുടെ തലവന്‍ ബെഞ്ചമിന്‍ കവല്ലി പറഞ്ഞു.