ദുബായ് : വിസ്മയ കാഴ്ചകളും കൈനിറയെ സമ്മാനങ്ങളുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) ഇന്നു തുടക്കം. 38 ദിവസം നീളുന്ന വ്യാപാരോത്സവം ജനുവരി 12 വരെ തുടരും. 1000 ഡ്രോണുകളുടെ അകമ്പടിയോടെ നടക്കുന്ന വെടിക്കെട്ടാണ് ഉദ്ഘാടന ചടങ്ങിലെ പ്രധാന ആകർഷണം.
ഉദ്ഘാടനത്തോടനുബന്ധിച്ച് കൊക്കകോള അരീനയിലെ സംഗീത കച്ചേരിയിൽ ലോകപ്രശസ്ത താരനിര അണിനിരക്കും. വ്യാപാരമേളയോടനുബന്ധിച്ച് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ദിവസേന വിനോദ പരിപാടികൾ നടക്കും. സിറ്റി വാക്കിൽ സൗജന്യ വിനോദങ്ങൾ ഒരുക്കിയിട്ടുണ്ട്.
അൽ മർമൂമിൽ ഔട്ട്ഡോർ സിനിമ, ഓഡ് മ്യൂസിക് നൈറ്റുകൾ തുടങ്ങിയ പരിപാടികളുണ്ടാകും. ഹത്ത വാദി ഹബ്ബിലും ജനുവരി 5 വരെ പ്രത്യേക പരിപാടികളുണ്ടാകും. ദുബായ് ഡിസൈൻ ഡിസ്ട്രിക്ടിന്റെ ഹൃദയഭാഗത്ത് ജനുവരി 3 മുതൽ 12 വരെ പ്രത്യേക കലാവിരുന്ന് അരങ്ങേറും.
ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ 38 ദിവസവും രാത്രി 8:30ന് വെടിക്കെട്ടുണ്ടാകും. ബ്ലൂവാട്ടേഴ്സ് ഐലൻഡിലും ജെബിആറിലെ ബീച്ചിലും ദിവസവും രാത്രി 8നും, 10നും സൗജന്യ ഡ്രോൺ ഷോയുണ്ട്. ഈ മാസം 13ന് രാത്രി 8നും 10നും 150 പൈറോ ഡ്രോണുകളും സ്കൈഡൈവറുകളും സംയുക്തമായി അണിനിരക്കുന്ന ഷോ കാണാം. 27 മുതൽ ജനുവരി 12 വരെ നടക്കുന്ന രണ്ടാം ഘട്ടത്തിൽ നൂതന, പരമ്പരാഗത ശബ്ദമിശ്രണങ്ങളുടെ സംയോജനം അനുഭവിച്ചറിയാം.
എല്ലാ ദിവസവും ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ സംഗീത വിരുന്നും നടക്കും. ഹിൽസ് മാൾ, ഓട്ടോഡ്രോം, മിർദിഫ് സിറ്റി സെന്റർ തുടങ്ങിയ മാളുകളിൽ ആകർഷക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. നറുക്കെടുപ്പിൽ ആഡംബര കാറുകൾ ഉൾപ്പെടെ ഒട്ടേറെ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്. റീട്ടെയ്‌ൽ സ്റ്റോറുകളിലൂടെ ആയിരത്തിലധികം ആഗോള, പ്രാദേശിക ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ വിലക്കുറവിൽ വാങ്ങാം.
ആഘോഷത്തിന്റെ ഭാഗമായി പാം നഖീൽ മാൾ, പാം വെസ്റ്റ് ബീച്ച്, അൽ സീഫ്, ദുബായ് ഡിസൈൻ ഡിസ്ട്രിക്ട്, അൽ മർമൂം എന്നിവിടങ്ങൾ വർണവിളക്കുകളാൽ ആഘോഷത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഡിഎസ്എഫിനോട് അനുബന്ധിച്ച് ദുബായിൽ പുതുവർഷാഘോഷ പരിപാടികളും ഒരുക്കിയിട്ടുണ്ട്. നൂതനാശയങ്ങളുടെ ആഗോള കേന്ദ്രമാക്കി ദുബായിയെ മാറ്റിയതിന്റെ തെളിവാണ് മുപ്പതാമത് ഡിഎസ്എഫ് എന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് (ഡിഎഫ്ആർഇ) സിഇഒ അഹമ്മദ് അൽ ഖാജ പറഞ്ഞു.