യു.എസ് തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് മുമ്പ് ഒരു പൊതുചടങ്ങില്‍ ഡൊണാള്‍ഡ് ട്രംപ് ആദ്യമായി നന്ദി രേഖപ്പെടുത്തിയത് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനും അദ്ദേഹത്തിന്റെ ഭാര്യയും അഭിഭാഷകയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സിനുമായിരുന്നു. ട്രംപിന്റെ വാക്കുകളെ കൈയടികളോടെയാണ് ജനങ്ങള്‍ വരവേറ്റത്. പിന്നീട് വാന്‍സിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തപ്പോള്‍ അന്ധ്രയിലെ വഡ്‌ലരു ഗ്രാമം ആഘോഷ തിമര്‍പ്പിലായിരുന്നു. ഉഷാ വാന്‍സിന്റെ കുടുംബാംഗങ്ങള്‍ ഇപ്പോഴും വഡ്‌ലൂരുവിലുണ്ട്. ഉഷയുടെ മാതാപിതാക്കളുടെ ജന്മനാടാണിത്. 1980 കളില്‍ അവര്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ഉഷ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്.
ഉഷയുടെ കുടുംബാംഗങ്ങളോടൊപ്പം അവധിയാഘോഷിക്കുന്ന വാന്‍സിന്റെ ചിത്രമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. നീല ടീ ഷര്‍ട്ടും ജീന്‍സുമാണ് വാന്‍സിന്റെ വേഷം. അമേരിക്കയിലും ഇന്ത്യയിലുമായി താമസിക്കുന്ന ഉഷയുടെ കുടുംബത്തിലെ ഇരുപതോളം അംഗങ്ങളാണ് വാന്‍സിന്റെ വസതിയില്‍ സംഘടിപ്പിച്ച വിരുന്നില്‍ ഒത്തു ചേര്‍ന്നത്. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
കാര്‍ഷിക വിളവെടുപ്പിന് ശേഷം നന്ദി രേഖപ്പെടുന്ന എന്ന ഉദ്ദേശത്തോടെ പരമ്പരാഗതമായി നടത്തിവരുന്ന താങ്ക്സ് ഗിവിങ്ങ് ചടങ്ങിന് ഒത്തുചേര്‍ന്നതിന്റെ ചിത്രമാണിത്. കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കരീബിയന്‍ ദ്വീപുകള്‍, ലൈബീരിയ തുടങ്ങിയ പ്രദേശങ്ങളില്‍ വിവിധ തീയതികളിലാണ് താങ്ക്സ്ഗിവിങ് ആഘോഷിക്കുന്നത്. നവംബര്‍ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ചയാണ് അമേരിക്കയില്‍ താങ്ക്സ്ഗിവിങ് ആഘോഷിക്കുന്നത്. ഇത്തവണ നവംബര്‍ 28നായിരുന്നു ആഘോഷം.
ഇന്ത്യയോട് അഗാധമായ അടുപ്പമാണ് വാന്‍സിന്. അമേരിക്കന്‍ ഹാസ്യനടനും അവതാരകനുമായ ജോ റോഗന്‍ അവതരിപ്പിക്കുന്ന ‘ദി ജോ റോഗന്‍ എക്‌സ്പീരിയന്‍സ്’ എന്ന പരിപാടിയില്‍ അദ്ദേഹം ഇന്ത്യന്‍ ഭക്ഷണസംസ്‌കാരത്തെ പ്രശംസിച്ചിരുന്നു. സംസ്‌കരിച്ച ഭക്ഷണ പദാര്‍ഥങ്ങളില്‍ നിന്ന് ഇന്ത്യയുടെ എരിവും പുളിയുമുള്ള വിഭവങ്ങളിലേക്ക് തന്നെ കൈപിടിച്ച് നടത്തിയത് ഉഷയാണെന്നാണ് വാന്‍സ് പറയുന്നത്. ഇരുവരും പ്രണയിച്ച് നടന്നിരുന്ന സമയത്ത് ഉഷയ്ക്കായി താന്‍ ഇന്ത്യന്‍ ഭക്ഷണം പാകംചെയ്ത് കൊടുത്തിരുന്നതായും വാന്‍സ് പറയുന്നു.