ന്യൂയോർക്ക്: അനധികൃതമായി തോക്ക് കൈവശം വച്ചതിനും സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ മകൻ ഹണ്ടർ ബൈഡന് മാപ്പ് നൽകാനായി അമേരിക്കൻ പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച ജോ ബൈഡന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്നു. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ളവർ ബൈഡന്‍റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി.നിയമത്തെ ദുരുപയോഗം ചെയ്യുന്ന തീരുമാനമെന്നുമാണ് ജോ ബൈഡന്റെ പ്രസ്താവനയോട് ട്രംപ് പ്രതികരിച്ചത്.
ബൈഡൻ മാപ്പ് നൽകിയവരുടെ പട്ടികയിൽ ക്യാപ്പിറ്റോൾ ഹിൽ ആക്രമണത്തിലെ പ്രതികളും ഉൾപ്പെടുന്നുണ്ടോയെന്നായിരുന്നു ട്രംപിൻ്റെ വിമർശനം. ഇപ്പോൾ നടന്നത് നീതി നിഷേധമാണെന്നും ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു. പ്രസിഡൻ്റ് പദവി ഒഴിയാൻ ആഴ്ചകൾ മാത്രം ശേഷിക്കെയാണ് ജോ ബൈഡൻ്റെ ഈ നിലപാട് മാറ്റം. രാഷ്ട്രീയ കാരണങ്ങളാലാണ് മകൻ വേട്ടയാടപ്പെട്ടതെന്നായിരുന്നു ജോ ബൈഡൻ പ്രതികരണം.
2014 ജനുവരി ഒന്ന് മുതൽ 2024 ഡിസംബർ ഒന്ന് വരെയുള്ള കാലയളവിൽ ചെയ്ത ഫെഡറൽ കുറ്റകൃത്യങ്ങളിലാണ് ജോ ബൈഡൻ, മകൻ ഹണ്ടർ ബൈഡന് നിരുപാധികം മാപ്പ് നൽകിയത്. പ്രസിഡൻ്റിന് യുഎസ് ഭരണഘടന അനുവദിക്കുന്ന പ്രത്യേക അധികാരം ഉപയോഗപ്പെടുത്തിയാണ് ബൈഡൻ്റെ ഈ തീരുമാനം. അമേരിക്കൻ പ്രസിഡൻ്റ് പദവിയിലെത്തുന്നവർ ഈ അധികാരം പലപ്പോഴും ഉപയോഗപ്പെടുത്താറുണ്ട്. രണ്ട് ടേമുകളിലായി ബറാക് ഒബാമ 1,927 തവണയും ആദ്യ ടേമിൽ ഡോണൾഡ് ട്രംപ് 237 തവണയും ഈ അധികാരം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.