ന്യൂ ദില്ലി : സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യക്കെതിരെ വന്‍ നികുതിവെട്ടിപ്പ് കുരുക്ക്. ജര്‍മന്‍ വാഹന നിര്‍മാതാക്കളുടെ ഇന്ത്യന്‍ വിഭാഗത്തിന് 11,846 കോടി രൂപ(1.4 ബില്യണ്‍ ഡോളര്‍) നികുതി വെട്ടിപ്പ് നടത്തിയെന്നു കാണിച്ച് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഔഡി, ഫോക്‌സ്‌വാഗണ്‍, സ്‌കോഡ തുടങ്ങിയവയുടെ മോഡലുകള്‍ കാറുകളായി ഇറക്കുമതി ചെയ്യാതെ ഭാഗങ്ങളായി ഇറക്കുമതി ചെയ്ത് വന്‍തോതില്‍ നികുതി വെട്ടിപ്പു നടത്തിയെന്ന് കാണിച്ചാണ് സര്‍ക്കാര്‍ തലത്തില്‍ നടപടി. സെപ്തംബര്‍ 30ന് അയച്ച നോട്ടീസിന്റെ വിവരങ്ങള്‍ വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സാണ് പുറത്തുവിട്ടിരിക്കുന്നത്.
കാറുകള്‍ മുഴുവനായി ഇറക്കുമതി ചെയ്യുമ്പോള്‍ 30-35 ശതമാനം നികുതി ഇനത്തില്‍ നല്‍കേണ്ടി വരും. ഇതിനു പകരം ഭാഗങ്ങളായി ഇറക്കുമതി ചെയ്ത് ഇന്ത്യയിലെത്തിച്ച് കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്നാണ് നോട്ടീസില്‍ പറയുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ നികുതി 5-15ശതമാനമായി കുറയുകയും ചെയ്യും. കോഡിയാക്, സ്‌കോഡ സൂപ്പര്‍ബ്, ഔഡി എ4, ഔഡി ക്യു5, ടിഗ്വാന്‍ എന്നിങ്ങനെയുള്ള മോഡലുകള്‍ ഇങ്ങനെ ഇറക്കുമതി ചെയ്‌തെന്നാണ് നോട്ടീസില്‍ പറയുന്നത്.
ഒറ്റനോട്ടത്തില്‍ തിരിച്ചറിയാതിരിക്കാന്‍ പലഘട്ടങ്ങളായാണ് വാഹന ഭാഗങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നതെന്ന് 95 പേജുള്ള മഹാരാഷ്ട്ര കസ്റ്റംസ് കമ്മീഷണര്‍ ഓഫീസ് നല്‍കിയ നോട്ടീസില്‍ പറയുന്നു. ഈ രേഖയെ അടിസ്ഥാനമാക്കിയാണ് റോയിട്ടേഴ്‌സ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. 2012 മുതല്‍ ഇറക്കുമതി നികുതിയിനത്തില്‍ 2.35 ബില്യണ്‍ ഡോളറാണ് ഇന്ത്യന്‍ സര്‍ക്കാരിന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഭാഗങ്ങളായി ഇറക്കുമതി ചെയ്തതു വഴി 981 ദശലക്ഷം ഡോളര്‍ മാത്രമാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഇറക്കുമതി നികുതി നല്‍കിയതെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. ‘ഉത്തരവാദിത്വമുള്ള സ്ഥാപനമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങള്‍ അനുസരിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. നോട്ടീസിലെ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്. അധികൃതരുമായി പൂര്‍ണമായും സഹകരിക്കും’ എന്നാണ് സംഭവത്തില്‍ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രതികരിച്ചിരിക്കുന്നത്.
ഇപ്പോള്‍ 1.4 ബില്യണ്‍ ഡോളറാണ് പിഴ വിധിച്ചിരിക്കുന്നതെങ്കിലും കുറ്റം തെളിഞ്ഞാല്‍ പിഴ തുക 100% വര്‍ധിപ്പിച്ച് 2.8 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്താനും അധികൃതര്‍ക്കാവുമെന്നും പേരു വെളിപ്പെടുത്താത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉയര്‍ന്ന ഇറക്കുമതി നികുതിയെ ചൊല്ലി നേരത്തെയും വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. നികുതി കുറക്കണമെന്ന ടെസ്‌ലയുടെ ആവശ്യത്തിലുള്ള ചര്‍ച്ചകള്‍ വര്‍ഷങ്ങളായി ആരംഭിച്ചിട്ട്. നികുതി വെട്ടിപ്പിന്റെ പേരില്‍ 9 ദശലക്ഷം ഡോളര്‍ പിഴ വെട്ടിച്ചെന്ന ആരോപണം ചൈനീസ് വാഹന കമ്പനിയായ ബിവൈഡിയും നേരിടുന്നുണ്ട്. ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ മഹാരാഷ്ട്രയിലെ രണ്ട് ഫാക്ടറികള്‍ അടക്കം മൂന്നു കേന്ദ്രങ്ങളില്‍ 2022ല്‍ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കമ്പനി എംഡി പിയൂഷ് അറോറയെ ചോദ്യം ചെയ്യുകയും ചെയ്തതാണ്. ചോദ്യം ചെയ്യലിനിടെ എന്തുകൊണ്ട് കാര്‍ മുഴുവനായി ഇറക്കുമതി ചെയ്യാതെ ഭാഗങ്ങളാക്കി ചെയ്യുന്നുവെന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നല്‍കാന്‍ പിയൂഷ് അറോറക്ക് സാധിച്ചിരുന്നുമില്ല.
സ്‌കോഡ ഫോക്‌സ്വാഗണ്‍ ഇന്ത്യ കാറുകള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന സോഫ്റ്റ്‌വെയറിലെ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് അധികൃതര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന കാറുകള്‍ മോഡലുകള്‍ക്കനുസരിച്ച് 700-1,500 ഭാഗങ്ങളാക്കി തരം തിരിക്കും. ഈ കാര്‍ഭാഗങ്ങള്‍ വ്യത്യസ്ത കണ്ടെയ്‌നറുകളിലായി മൂന്നു മുതല്‍ ഏഴു ദിവസത്തെ വരെ ഇടവേളയില്‍ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതുവഴി വന്‍തോതില്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ നികുതി വെട്ടിപ്പു നടത്തിയെന്നാണ് നോട്ടീസില്‍ പറയുന്നത്.