അബുദാബി : യു.എ.ഇ.യിലെ ഏറ്റവുംവലിയ ആരാധനാലയങ്ങളിൽ ഒന്നായ അബുദാബി സെയ്ന്റ് ജോർജ് കത്തീഡ്രൽ പുതുക്കിപ്പണിത് വിശ്വാസികൾക്കായി തുറന്നു. കത്തീഡ്രലിന്റെ കൂദാശയ്ക്ക് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വംവഹിച്ചു. മതസൗഹാർദത്തിന്റെ നേർസാക്ഷ്യമായി മാറിയ ചടങ്ങിൽ യു.എ.ഇ. മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും പങ്കെടുത്തു.
യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ സ്ഥലം അനുവദിച്ച് അദ്ദേഹംതന്നെ ശിലയിട്ട ദേവാലയത്തിൽ 1971 ഡിസംബർ ഒന്നിന് ആദ്യ പ്രാർഥന തുടങ്ങിയിട്ട് 53 വർഷം പിന്നിടുന്ന വേളയിലാണ് പുതുക്കിപ്പണിത കത്തീഡ്രൽ വിശ്വാസികൾക്കായി തുറന്നത്. സാമൂഹികവികസനവിഭാഗം ചെയർമാൻ മുഗീർ ഖമീസ് അൽ ഖൈലി, യു.എ.ഇ. പൗരനും രാജകുടുംബത്തിന്റെ ഡോക്ടറും അൽഐൻ ഡിസ്ട്രിക്ട് മുൻ മെഡിക്കൽ ഡയറക്ടറുമായ ഡോ. ജോർജ് മാത്യു തുടങ്ങിയവരും പങ്കെടുത്തു.
എല്ലാമതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കണമെന്ന വിശാലമായ കാഴ്ചപ്പാടാണ് യു.എ.ഇ. പങ്കുവയ്ക്കുന്നതെന്നും യു.എ.ഇ.യിലെ ഭരണനേതൃത്വം എപ്പോഴും ഉയർത്തിപ്പിടിക്കുന്ന സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും സന്ദേശം മഹത്തരമാണെന്നും എം.എ യൂസഫലി ചൂണ്ടിക്കാട്ടി. 1.5 കോടി ദിർഹം ചെലവിൽ പണിതുയർത്തിയ ദേവാലയത്തിൽ ഒരേസമയം 2000 പേർക്ക് പ്രാർഥിക്കാം. ജാതി, മത ഭേദമെന്യെ ഏവർക്കും ഏതുസമയത്തും ദേവാലയത്തിലെത്തി പ്രാർഥിക്കാനാകും.