കിവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കക്കും നാറ്റോ ലോകരാജ്യങ്ങൾക്കും മുന്നിൽ 2 നിബന്ധനകൾ വച്ച് യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി രംഗത്ത്. യുക്രൈന് നാറ്റോ അംഗത്വം നൽകിയാൽ റഷ്യയുമായുള്ള യുദ്ധം അവസാനിക്കുമെന്നാണ് സെലൻസ്കി പറയുന്നത്. ഇതിനൊപ്പം തന്നെ റഷ്യ പിടിച്ചെടുത്ത യുക്രെയ്ന്റെ ഭാഗങ്ങളും നാറ്റോ സഖ്യത്തിന്റെ കുടക്കീഴിൽ ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെആണെങ്കിൽ അധിനിവേശ മേഖലകൾ നയതന്ത്ര നീക്കത്തിലൂടെ യുക്രൈന് തിരികെ ലഭിക്കുമെന്നും സെലൻസ്കി പ്രതീക്ഷ പ്രകടിപ്പിച്ചു.
അധിനിവേശ പ്രദേശങ്ങൾ റഷ്യൻ മേഖലയാണെന്ന് അംഗീകരിക്കാൻ യുക്രൈൻ ഭരണഘടന അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്കൈ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മൂന്ന് വർഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നിർദേശം സെലൻസ്കി മുന്നോട്ടുവെച്ചത്. യുക്രൈന് അംഗത്വം നൽകുമെന്ന് വാഷിംഗ്ടണിൽ ജൂലൈയിൽ നടന്ന ഉച്ചകോടിയിൽ 32 രാജ്യങ്ങളുടെ കൂട്ടായ്മയായ നാറ്റോ സൂചന നൽകിയിരുന്നു. എന്നാൽ, അംഗത്വം നൽകുന്നതിനുമുമ്പ് യുക്രൈന്റെ അതിർത്തി കൃത്യമായി നിർണയിക്കണം എന്നായിരുന്നു നാറ്റോയുടെ നിലപാട്.യുദ്ധത്തിൽ യുക്രൈനെ കൂടുതൽ സഹായിക്കേണ്ടതുണ്ടെന്ന് നാറ്റോയുടെ പുതിയ സെക്രട്ടറി ജനറൽ മാർക് റൂത് പറഞ്ഞിരുന്നു. യുക്രൈന് ആയുധങ്ങൾ നൽകുന്നതും യുദ്ധം അവസാനിപ്പിക്കുന്നതുമായ കാര്യങ്ങൾ ഡിസംബർ മൂന്നിന് ബ്രസൽസിൽ നടക്കുന്ന നാറ്റോ അംഗ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പ്രധാന ചർച്ചയാവുമെന്നാണ് സൂചന.